പെരുന്നാൾ ആഘോഷത്തിന് ഒരുക്കം
text_fieldsസുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ തയാറെടുപ്പ്
ദുബൈ: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശവുമായി വീണ്ടും ബലിപെരുന്നാളെത്തുമ്പോൾ ഒരുക്കങ്ങൾ സജീവം. ഞായറാഴ്ചത്തെ പെരുന്നാൾ നമസ്കാരം, ബലി അറുക്കൽ തുടങ്ങിയ ചടങ്ങുകൾക്കും, രാജ്യത്താകമാനം ഒരുക്കുന്ന വിവിധ ആഘോഷ പരിപാടികൾക്കും സജ്ജീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
ദുബൈയിൽ പരിപാടികൾ അരങ്ങേറുന്ന സ്ഥലങ്ങളിലും വിനോദ സഞ്ചാര പ്രദേശങ്ങളിലും മറ്റു പ്രധാന സ്ഥലങ്ങളിലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ദുബൈ ഈവന്റ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് സുരക്ഷയും സൗകര്യവും ഒരുക്കുന്നതിന് നടപടികൾ സ്വീകരിച്ചത്.
പെരുന്നാളിനോട് അനുബന്ധിച്ച് സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിലും ഷാർജയിലും അവധി ദിവസങ്ങളിൽ പാർക്കിങ് സൗജന്യവും പ്രഖ്യാപിച്ചിട്ടുണ്ട്.
പെരുന്നാൾ നമസ്കാരം
ഈദ് ദിനത്തിലെ പ്രധാന ചടങ്ങായ പെരുന്നാൾ നമസ്കാരത്തിന് പള്ളികളിലും ഈദ്ഗാഹുകളിലും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അബൂദബി(5.50), അൽഐൻ(5.44), ദുബൈ (5.45), ഷാർജ (5.44), അജ്മാൻ (5.44), ഉമ്മുൽഖുവൈൻ (5.43), റാസൽഖൈമ (5.41), ഫുജൈറ (5.41) എന്നിങ്ങനെയാണ് വിവിധ എമിറേറ്റുകളിലെ സമസ്കാര സമയം.
യു.എ.ഇയിൽ മൂന്നിടങ്ങളിൽ മലയാളി ഈദ് ഗാഹുകൾ ഒരുക്കുന്നുണ്ട്. ദുബൈ അൽ മനാർ സെന്ററിലെ നമസ്കാരത്തിന് മൻസൂർ മദീനിയും ഖിസൈസ് ടാർഗറ്റ് ഫുട്ബാൾ ഗ്രൗണ്ടിൽ ഹുസൈൻ കക്കാടും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ ഫുട്ബാൾ ഗ്രൗണ്ടിൽ ഹുസൈൻ സലഫിയും നേതൃത്വം നൽകും. യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെൻറർ ദുബൈയിൽ തമിഴ്, ഉർദു, ഇംഗ്ലീഷ് ഭാഷകളിലും ഈദ്ഗാഹുകൾ ഒരുക്കുന്നുണ്ട്..
റാക് ഇന്ത്യൻ അസോസിയേഷൻ ആഘോഷം 17ന്
റാസൽഖൈമ: തൊഴിലാളികൾക്കായി ഈ മാസം 17ന് റാക് ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ജസീറ അൽ ഹംറയിൽ ബലിപെരുന്നാൾ ആഘോഷം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എസ്.എ സലീം അറിയിച്ചു. റകിസ്, മിനിസ്ട്രി ഓഫ് ലേബർ വകുപ്പുകളുടെ സഹകരണത്തോടെ ജസീറ ജെ.ബി.എഫിന് സമീപം വൈകീട്ട് ഏഴിന് നടക്കുന്ന ആഘോഷ ചടങ്ങിൽ ചിത്രരചന അടക്കം വിവിധ മത്സരങ്ങളും സംഗീത വിരുന്നും നടക്കും. പ്രവേശനം സൗജന്യം.
ആഘോഷവുമായി റാക് ആഭ്യന്തര മന്ത്രാലയം
റാസല്‍ഖൈമ: ബലിപെരുന്നാള്‍ പ്രമാണിച്ച് റാക് പൊലീസ് പ്ലാറ്റ് ഫോം വഴി പൊതുജനങ്ങള്‍ക്ക് ഒട്ടേറെ വിനോദ പരിപാടികളുമായി റാക് പൊലീസ്. ‘നിങ്ങളുടെ ഈദ് സന്തോഷകരവും സുരക്ഷിതവുമാണ്’ ശീര്‍ഷകത്തില്‍ റാക് മനാര്‍ മാളിലാണ് ആദ്യ മൂന്ന് ഈദ് ദിനങ്ങളില്‍ ആഘോഷം ഒരുക്കുന്നത്. ഇവിടെ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

