പ്രീമിയം ചാനലുകൾ അനധികൃതമായി സംപ്രേഷണം; തട്ടിപ്പ് സംഘം കുടുങ്ങി
text_fieldsദുബൈ: അന്താരാഷ്ട്ര സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ വ്യാജമായി ചോർത്തി, നിയമവിരുദ്ധമായി സംപ്രേഷണം ചെയ്ത സംഘത്തെ ദുബൈ പൊലീസ് പിടികൂടി. എൻക്രിപ്റ്റ് ചെയ്ത ചാനലുകൾ ചോർത്തി റിസീവർ ഉപകരണങ്ങൾ, ഓൺലൈൻ ലിങ്കുകൾ, വ്യാജ വെബ്‌സൈറ്റുകൾ എന്നിവ വഴി റീ-ബ്രോഡ്കാസ്റ്റ് ചെയ്യും. തുടർന്ന് അനധികൃത വാർഷിക സബ്‌സ്‌ക്രിപ്ഷനുകളിലൂടെ ഇത് പൊതുജനങ്ങൾക്ക് വിൽക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്.
വിശദമായ അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. പകർപ്പവകാശമുള്ള മാധ്യമ ഉള്ളടക്കങ്ങൾ, യഥാർഥ അവകാശികളിൽനിന്ന് ആവശ്യമായ ലൈസൻസുകളോ അംഗീകാരങ്ങളോ വാങ്ങാതെയാണ് ഈ സംഘം മറ്റുള്ളവർക്ക് ലഭ്യമാക്കിയിരുന്നത്.
ബൗദ്ധിക സ്വത്തവകാശം, പകർപ്പവകാശം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. പകർപ്പവകാശവും അനുബന്ധ അവകാശങ്ങളും സംബന്ധിച്ച 2021ലെ യു.എ.ഇ ഫെഡറൽ നിയമം നമ്പർ 38ന്‍റെ ലംഘനമാണ് ഇൗ കുറ്റകൃത്യങ്ങളെന്ന് ദുബൈ പൊലീസ് പറഞ്ഞു. വ്യാജമായി തയാറാക്കിയ വാർഷിക സബ്‌സ്‌ക്രിപ്ഷൻ പാക്കേജുകളിലൂടെയാണ് പ്രതികൾ ഈ സേവനങ്ങൾ വിപണനം ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചാനലുകളുടെ ഔദ്യോഗിക വിതരണാവകാശമുള്ള കമ്പനിക്ക് സംഘത്തിന്‍റെ നിയമവിരുദ്ധ പ്രവർത്തനംവഴി വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.
ഡിജിറ്റൽ ഉള്ളടക്കങ്ങൾ അംഗീകൃത ചാനലുകളിലൂടെയും ലൈസൻസുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയും മാത്രം വാങ്ങാൻ ദുബൈ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അപരിചിതരും ലൈസൻസ് ഇല്ലാത്തവരുമായ സ്രോതസ്സുകളിൽനിന്ന് സബ്‌സ്‌ക്രിപ്ഷനുകളോ സേവനങ്ങളോ വാങ്ങുന്നത് ഒഴിവാക്കണം. ഇത്തരം വ്യാജ സേവനങ്ങൾ ഉപയോഗിക്കുന്നത് നിയമപരമായ ബാധ്യതകളിലേക്കും സൈബർ തട്ടിപ്പുകളിലേക്കും നയിച്ചേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

