ക്രെയിൻ അപകടകരമാംവിധം കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പ്
text_fieldsറോഡിലൂടെ ക്രെയിൻ കയറ്റിപ്പോകുന്ന വാഹനം
ക്രെയിൻ അപകടകരമാംവിധം കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പ്അബൂദബി: വലിയ മൊബൈൽ ഉപകരണങ്ങളും യന്ത്രങ്ങളും റിക്കവറി വാഹനങ്ങളിലും മറ്റും അപകടകരമാംവിധം കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. സുരക്ഷ നടപടികൾ പാലിക്കാതെ തിരക്കേറിയ റോഡുകളിലൂടെ ക്രെയിൻ, ഫോർക്ലിഫ്റ്റ് തുടങ്ങിയ ഉപകരണങ്ങൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതുമൂലം സംഭവിക്കാവുന്ന അപകടാവസ്ഥയക്കുറിച്ച് ഡ്രൈവർമാർ ജാഗ്രത കാണിക്കണമെന്ന് പൊലീസ് അറിയിച്ചു.
രാത്രിയിൽ ഇത്തരം ഭീമൻ ഉപകരണങ്ങൾ കടത്താൻ പ്രത്യേക പെർമിറ്റ് ആവശ്യമാണ്. ചില ജോലികൾക്കു മാത്രമാണ് ഇത്തരം സാമഗ്രികൾ അനുവദിക്കുന്നത്. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സൈറ്റിലേക്ക് ഗതാഗതത്തിരക്ക് കുറവുള്ള രാത്രിയിൽ മാത്രമാണ് കൊണ്ടുപോകേണ്ടത്. റോഡ് സുരക്ഷ വ്യവസ്ഥകൾ പാലിക്കുന്നതായി ഉറപ്പാക്കിയാൽ മാത്രമാണ് പെർമിറ്റ് അനുവദിക്കുക. ചരക്കു വാഹനങ്ങളിൽ ഇത്തരം ഉപകരണങ്ങളും യന്ത്രസാമഗ്രികളും കടത്താൻ പാടില്ല. പ്രത്യേക ഉപകരണങ്ങളും സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്ന റിക്കവറി വാഹനങ്ങളാണ് ഇതിന് ഉപയോഗിക്കേണ്ടത്. അനുവദനീയമായ അളവിനേക്കാൾ കൂടുതൽ ഭാരം കയറ്റരുത്. പാലങ്ങൾ, സസ്പെൻഷൻ പാനലുകൾ എന്നിവയിലൂടെ അഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ള വസ്തുക്കൾ കൊണ്ടുപോകരുത്.
വാഹനത്തിൽ കയറ്റിയ ഉപകരണം തെന്നി താഴെ വീഴുന്നതിനും അമിതഭാരം മൂലം വാഹനം മറിയുന്നതിനുമുള്ള സാഹചര്യം ഒഴിവാക്കണം. റിക്കവറി വാഹനത്തിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും സഞ്ചരിക്കുമ്പോഴും സുരക്ഷിതമായ രീതിയിൽ ലോഡ് ക്രമീകരിച്ച് സുരക്ഷ ഉറപ്പാക്കണം. അനുവദനീയ ട്രാഫിക് ലൈനിലൂടെ മാത്രം സഞ്ചരിക്കുകയും ഓവർടേക്കിങ് ഒഴിവാക്കുകയും വേണം. മൂടൽമഞ്ഞ്, മഴ എന്നിവ ഉണ്ടാകുമ്പോൾ ഇത്തരം വാഹന സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നിബന്ധനകൾ പാലിക്കാത്തവർക്ക് 500 ദിർഹമാണ് പിഴ. മറ്റുള്ളവരുടെ സുരക്ഷക്കു ഭീഷണിയാവുകയും അപകടമുണ്ടാക്കുകയും ചെയ്യുംവിധം ഹെവി ഉപകരണങ്ങൾ കയറ്റി സഞ്ചരിച്ചാൽ 2000 ദിർഹവും ആറ് ബ്ലാക്ക് പോയൻറുകളും പിഴ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

