പ്രീ സീസൺ തയാറെടുപ്പ്: ബ്ലാസ്റ്റേഴ്സ് എത്തി
text_fieldsദുബൈ: മലയാളികളുടെ ഇഷ്ടതാരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ടീം ദുബൈയിലെത്തി. ചൊവ്വാഴ്ച രാത്രി 9.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇവാൻ വുകോമനോവിച്ചും സംഘവും വീണ്ടും പ്രവാസലോകത്തേക്ക് വിരുന്നെത്തിയത്.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള അവസാന ഘട്ട പരിശീലനങ്ങൾക്കായാണ് ടീമിന്റെ വരവ്. ഈ മാസം 16 വരെ 11 ദിവസത്തെ പരിശീലനത്തിനായി ടീം യു.എ.ഇയിലുണ്ടാകും.
ഇതിനിടയിൽ യു.എ.ഇയിലെ പ്രമുഖ പ്രോലീഗ് ക്ലബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കും.
പുതിയ അന്തരീക്ഷവുമായി ടീം അംഗങ്ങൾക്ക് പൊരുത്തപ്പെടാനും ടീമിന്റെ മികവ് വിലയിരുത്താനും പര്യടനം അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ.
ഒമ്പതിന് സബീൽ സ്റ്റേഡിയത്തിൽ അൽവസൽ എഫ്.സിയുമായാണ് ടീമിന്റെ ആദ്യ സൗഹൃദ മത്സരം. ഷാർജ ഫുട്ബാൾ സ്റ്റേഡിയത്തിൽ 12ന് ഷാർജ എഫ്.സിയെയും 15ന് കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ അഹ്ലിയെയും നേരിടും. ദുബൈയിലെ അൽഅവീറിലുള്ള ശബാബ് അൽ അഹിൽ സ്റ്റേഡിയത്തിലാണ് ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ഈ മത്സരം.
മുൻ യു.എ.ഇ ദേശീയ താരവും അൽ അഹ്ലി, അൽവസൽ ക്ലബുകളുടെ കളിക്കാരനുമായിരുന്ന ഹസൻ അലി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുളള എച്ച് 16 സ്പോർട്സ് ആണ് പ്രീ സീസൺ ഒരുക്കുന്നത്.
സെപ്റ്റംബർ അവസാനത്തിൽ നടക്കാനിരിക്കുന്ന ഹീറോ ഐ.എസ്.എൽ സീസണിന് മുന്നോടിയായി ഇവാൻ വുകോമനോവിച്ചിനും സംഘത്തിനുമുള്ള അവസാനവട്ട ഒരുക്കമായിരിക്കും യു.എ.ഇ പര്യടനം.

