ഇൻറർലോക്കിനും തടയാനായില്ല ഇവരുടെ ഹരിത സ്വപ്നങ്ങൾ
text_fieldsഷാർജ: മുറ്റത്താകെ ഇൻറർലോക്ക് പാകിയ ശേഷം, ചെടികൾ നട്ട് പിടിപ്പിക്കാൻ മോഹം പെരുകുന്ന ചിലരുണ്ട്. ഇഷ്ടിക ഇളക്കി മാറ്റുന്നതും മറ്റും വലിയ ബുദ്ധിമുട്ടാണെന്നും പണ ചിലവാണെന്നും കരുതി മോഹം പാതിവഴിക്ക് ഉപക്ഷിക്കുന്നതാണ് പലരുടെയും രീതി. നാട്ടിലും മറുനാട്ടിലും ഇത് കാണാം. എന്നാൽ ഇൻറർലോക്ക് വിരിച്ച മുറ്റത്ത് എങ്ങനെ മനോഹരമായി ജൈവ കൃഷിയൊരുക്കാം എന്ന മഹത്തായ പാഠമാണ് മാറഞ്ചേരി മുക്കാല എം.ജി. റോഡിലെ നീറ്റിക്കൽ പള്ളിക്ക് സമീപത്തുനിന്നുള്ള ഹസനാരും ഭാര്യ സുഹറയും പകരുന്നത്.
45 വർഷമായി ഹസനാർ പ്രവാസിയായിട്ട്. ഭാര്യ എത്തിയിട്ട് 10 വർഷം കഴിഞ്ഞു. താമസിക്കുന്ന ഇടത്തെല്ലാം കൃഷി ചെയ്യുക എന്ന സ്വഭാവം പ്രവാസത്തിെൻറ തുടക്കം മുതലേ കൂടെയുണ്ടായിരുന്നു. നട്ട് നനച്ച് അത് ഭക്ഷിക്കുമ്പോൾ പ്രകൃതിയോട് വല്ലാതെ അടുക്കുന്നതായി തോന്നും. ഭാര്യ വന്നതോടെ കൃഷിയുടെ വ്യാപ്തി കൂടി. അബൂദബിയിലെ ഷഹാമ–ഗുവൈഫാത്ത് റോഡിലെ ഷവാമക്ക് ഭാഗത്തെ വീട്ടിൽ താമസിക്കുന്ന ഇവരുടെ 15 ഗുണം 15 മീറ്റർ വിസ്തീർണമുള്ള മുറ്റം നിറയെ ഇൻറർലോക്ക് ചെയ്തതാണ്. എന്നാൽ ഈ മുറ്റത്ത് വളരാത്ത, വിടരാത്ത കായ്കനികളില്ല.
ഉരുളൻ കിഴങ്ങ്, വെണ്ട, തക്കാളി, സവാള, ചെറിയ ഉള്ളി, കാരറ്റ്, ബിറ്റ്റൂട്ട്, കക്കരിക്ക, ചുരക്ക, പാവക്ക, വഴുതന, വിവിധയിനം ചീരകൾ, മൂന്ന് തരം പയറുകൾ, വേപ്പ്, ചോളം, കാബേജ്, കടുക്, ചെറുപയർ, പച്ചമുളക്, രാഗി, ജർജീർ (അരുഗുല) തുടങ്ങി നിരവധിയിനം പച്ചക്കറികളാണ് ഇവിടെ കായ്ച്ച് നിൽക്കുന്നത്. കാലാവസ്ഥക്ക് അനുസരിച്ചാണ് കൃഷി രീതി. ശീത കാലത്തും ഉഷ്ണ കാലത്തും വിതക്കേണ്ട വിത്തുകളെ കുറിച്ചും അതിന് നൽകേണ്ട ജൈവ വളങ്ങളെ കുറിച്ചും ഹസന് നല്ല അറിവാണ്. ഇൻറർലോക്ക് പാകിയ മുറ്റത്ത് ഇഷ്ടികകൾ അടുക്കി വെച്ച് കളങ്ങൾ തീർക്കും അതിലേക്ക് പുറത്ത് നിന്ന് മണൽ കൊണ്ട് വന്ന് നിറക്കും. ജൈവ വളവും വെള്ളവും ചേർത്ത് മണ്ണ് കൃഷിക്കായി പാകപ്പെടുത്തി വിത്തിടും.

വിത്ത് മുളച്ച് തൈയാകുമ്പോൾ ജൈവീക രീതിയിൽ തന്നെയാണ് കൃമികളെ തുരത്തുന്നത്. വീട്ടിലേക്കുള്ള പച്ചക്കറികളെല്ലാം ഈ തോട്ടത്തിൽ നിന്ന് കിട്ടും. അയൽക്കാർക്കും, സുഹൃത്തുക്കൾക്കും നൽകും. എന്നിട്ടും ബാക്കി വരുന്നത് ഉണക്കി വിത്തുകളാക്കി സൂക്ഷിക്കലാണ് പതിവ്. ഇത്രക്കധികം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും വാഴ വെക്കാനുള്ള സൗകര്യം കിട്ടാത്ത സങ്കടം ഈ ദമ്പതിമാർക്കുണ്ട്. ഇൻറർ ലോക്ക് കളത്തിൽ വാഴ വളരാൻ മടികാണിക്കുകയാണ്. മൂത്ത മകൻ ഷജീമിെൻറ ഏഴു വയസുകാരനായ മകൻ റാസിനും കൃഷിയിൽ ഉപ്പൂപ്പയെ സഹായിക്കാനുണ്ട്. വരും തലമുറയിലും കൃഷിയോടുള്ള ഇഷ്ടം നിലനിൽക്കണമെന്ന ചിന്താഗതിക്കാരാണ് ഈ ദമ്പതികൾ. 35 വർഷമായി അബൂദബി അൽ മസ്ഹർ ട്രാൻസ്പോർട്ടിങ് കമ്പനിയിൽ പി.ആർ.ഒ ആയി ജോലി നോക്കുകയാണ് ഹസനാർ. ഷജീം, സമീർ സാദിഖ്, നാജിയ, നസ്റീൻ, ഷഹീൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
