‘പ്രവാസി ഗൈഡ്’ പുറംവാസികള്‍ക്ക് നിയമ ദിശാബോധം
text_fieldsഅഡ്വ. ഷാനവാസ്
പ്രവാസ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ ശരിയായ ദിശയിലുള്ള ഇടപെടലുകള്‍ക്ക് ഉപകരിക്കുന്നതാണ് ‘പ്രവാസി ഗൈഡ്’. വിദേശ യാത്രക്കായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി തൊഴില്‍ അന്വേഷണം, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, യാത്രാ പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, സ്വത്ത് തര്‍ക്കം, വിവാഹം, വായ്പകള്‍, സൗജന്യ നിയമ സഹായം, അപകടം, ചികില്‍സ, മരണം തുടങ്ങിയ വിഷയങ്ങളെ നിയമപരമായി സമീപിക്കേണ്ട രീതികളാണ് പ്രവാസി ഗൈഡിലെ പ്രതിപാദ്യ വിഷയം.
അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി ടി.പി. ശ്രീനിവാസന് അവതാരിക എഴുതിയിട്ടുള്ള പുസ്തകം സാമൂഹിക പ്രവര്‍ത്തകനും കേരള ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. ഷാനവാസ് കാട്ടകത്താണ് രചിച്ചിട്ടുള്ളത്.
പണവും സമയവും ഏറെ ചെലവഴിച്ചിട്ടും പ്രവാസികളില്‍ പലര്‍ക്കും പ്രതിസന്ധികളില്‍ നിന്ന് മുക്തമാകാന്‍ കഴിയാത്തത് കൃത്യമായ നിയമ വഴി സ്വീകരിക്കാത്തതിനാലാണെന്ന് ‘പ്രവാസി ഗൈഡ്’ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് നാടുകള്‍ കടന്ന് മലയാളികളുടെ പ്രവാസം യൂറോപ്യന്‍ നാടുകളിലേക്കും ശക്തമാകുന്നതിനനുസരിച്ച് പ്രവാസികളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളും വര്‍ധിക്കുകയാണ്. വിദേശ തൊഴില്‍ അന്വേഷകര്ഷക്കുള്ള മാര്‍ഗരേഖകള്‍, വിദേശ റിക്രൂട്ടിങ്, നോര്‍ക്ക, എംബസി മുഖേനയുള്ള സാക്ഷ്യപ്പെടുത്തലുകള് തുടങ്ങിയവ ലളിതമായ രീതിയില്‍ പുസ്തകത്തില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നാട്ടിലും വിദേശത്തുമായി നിരവധി പേരാണ് നിരന്തരം കബളിപ്പിക്കപ്പെടുന്നത്. ഇതിലകപ്പെടാതിരിക്കാനുള്ള മാര്ഗനിര്ദ്ദേശങ്ങളടങ്ങുന്നതാണ് ‘വിദേശ പഠനവും വിശദാംശങ്ങളും’ എന്ന അധ്യായം. അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികളുടെ വെബ്സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
വിദേശത്ത് അടിയന്തിര ഘട്ടങ്ങളില്‍ സൗജന്യമായി ലഭിക്കേണ്ട ഇന്ത്യന്‍ കമ്യൂണിറ്റി ഫെല്‍ഫെയര്‍ ഫണ്ടിനെക്കുറിച്ച ലളിതമായ വിശദീകരണം സാധാരണ പ്രവാസിള്‍ക്ക് ഉപകരിക്കും.
നോര്‍ക്ക മുഖേന സര്‍ക്കാര്‍ നടപ്പാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, പ്രവാസി ക്ഷേമനിധി ബോര്‍ഡ് പെന്ഷന് പദ്ധതി, പ്രവാസി ചിട്ടി, വായ്പ തുടങ്ങിയവയെക്കുറിച്ചും 12 അധ്യായങ്ങളായി തിരിച്ചിട്ടുള്ള പ്രവാസി ഗൈഡില്‍ വിശദീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന പ്രവാസി കമീഷന്, എന്‍.ആര്.ഐ പൊലീസ് സെല്‍, വിദേശത്തുള്ള നോര്‍ക്ക പ്രവാസി നിയമ സഹായ സെല്‍, കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ആര്.ഐ വനിത സെല്‍, വിദേശത്ത് വെച്ച് ഭര്‍ത്താവിനാല്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന നിയമ-ധന സഹായം, പ്രത്യേക പരാതി പരിഹാര സംവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ പതിറ്റാണ്ടുകളായി പ്രവാസം തുടരുന്നവര്‍ക്ക് പുതു അറിവ് നല്‍കുന്നതിലൂടെ പ്രവാസ ജീവിതം നയിക്കുന്നവരില്‍ ആത്മവിശ്വാസം നിറക്കുകയാണ് ‘പ്രവാസി ഗൈഡ്’ എന്ന നിയമ വിജ്ഞാനകോശം. വിമാന യാത്രക്ക് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് എയര്സേവാ പോര്‍ട്ടല്‍ വഴിയുള്ള പരിഹരിഹാരം, വിമാന കമ്പനികളില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം നേടാനുള്ള പോംവഴികള്‍ തുടങ്ങിയവയെക്കുറിച്ച വിവരണവും പുസ്തകത്തിലുണ്ട്. യൂറോപ്പിലെ 32 രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്കോളര്‍ഷിപ്പ് വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായകരമാകും.
വിവിധ രാജ്യങ്ങളിലെ നഴ്സിങ് തൊഴിലവസരങ്ങളെക്കുറിച്ച അധ്യായം വലിയ ഒരു തൊഴില്‍ വിപണിയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട വിഷയം പ്രവാസികള്‍ക്ക് നിയമവശങ്ങളെക്കുറിച്ച അറിവുകള്‍ പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

