പ്രവാസികൾ ഒറ്റക്കെട്ടായി; പ്രതിഷേധം ഫലം കണ്ടു
text_fieldsദുബൈ: പ്രവാസ ലോകം ഇൗയടുത്തകാലത്ത് കാണിച്ച ഏറ്റവും ശക്തമായ പ്രതിഷേധവും ഒറ്റക്കെട്ടായി നടത്തിയ നീക്കങ്ങളുമാണ് വിദേശത്തുനിന്ന് മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയക്കുേമ്പാൾ 48 മണിക്കൂർ മുമ്പ് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്ന് ഉത്തരവ് മരവിപ്പിക്കുന്നതിലേക്ക് നയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ‘ഗൾഫ് മാധ്യമം’ ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടതോടെ തുടങ്ങിയ പ്രതിഷേധം പിന്നീട് ശക്തമായ കൊടുങ്കാറ്റായി രൂപം മാറുകയായിരുന്നു. വിവിധ സംഘടനാ നേതാക്കളും ജനപ്രതിനിധികളും മാധ്യമങ്ങളും പ്രശ്നത്തിെൻറ ഗൗരവം ഉൾെകാണ്ട് ശക്തമായ ഇടപെടലുകൾ നടത്തി. സാമൂഹിക മാധ്യമങ്ങളിലും പ്രവാസി ഗ്രൂപ്പുകളിലും അമർഷവും രോഷവും പുകഞ്ഞു. കാലാ കാലങ്ങളായി അവഗണന നേരിടുന്ന തങ്ങൾക്ക് മരിച്ചാലും അനാദരവും നന്ദികേടുമാണ് കാത്തിരിക്കുന്നതെന്ന അവസ്ഥ ഭീതിയോടെയും ഏറെ വൈകാരികവുമായാണ് പ്രവാസികൾ ഉൾകൊണ്ടത്. അതുകൊണ്ട് തന്നെ അവരുടെ പ്രതിഷേധം ദിവസങ്ങൾ കഴിഞ്ഞിട്ടും തണുത്തില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഷാർജക്കടുത്ത് ദൈദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ ഷാർജ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലെത്തിയേപ്പാൾ കരിപ്പൂരിൽ നിന്ന് ഇ മെയിലിൽ എത്തിയ നിർദേശം ചൂണ്ടിക്കാട്ടി അവർ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.
അവസാനം സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഇടപ്പെട്ട് മണിക്കൂറുകളോളം സമയമെടുത്ത് അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ് മൃതദേഹം വിമാനത്തിൽ കയറ്റാൻ തയാറായത്. ഇൗ വിവരവും വിവാദ ഉത്തരവിെൻറ വിശദാംശങ്ങളുമാണ് പിറ്റേന്ന് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചത്.
മൃതദേഹങ്ങൾ നിർദിഷ്ട വിമാനത്താവളത്തിൽ എത്തുന്നതിന് 48 മണിക്കൂർ മുമ്പ് മരണ സർട്ടിഫിക്കറ്റ് , എംബാമിങ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയിൽ നിന്നുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി), റദ്ദാക്കിയ പാസ്പോർട്ടിെൻറ പകർപ്പ് എന്നിവ ഹാജരാക്കണമെന്ന കരിപ്പൂർ വിമാനത്താവളത്തിൽ പുതുതായി ചുമതലയേറ്റ ഹെൽത്ത് ഒാഫീസർ ജലാലുദ്ദീെൻറ ഉത്തരവായിരുന്നു ഷാർജയിലെ കാർഗോ വിഭാഗം എടുത്തുകാട്ടിയത്.
2005ലെ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് ഇൗ നിബന്ധനയെന്നായിരുന്നു ഹെൽത്ത് ഒാഫീസറുടെ വിശദീകരണം.പ്രവാസി മരിച്ചാൽ ഇപ്പോൾ തന്നെ ബന്ധപ്പെട്ട രാജ്യങ്ങളിലെ പൊലീസ് ഉൾപ്പെടെയുള്ള അധികൃതരുടെയും ഇന്ത്യൻ എംബസിയുടെയുമെല്ലാം നിരവധി സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തലുകളും ലഭിച്ചശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനാകൂ.
നിസ്വാർഥരായ സാമൂഹിക പ്രവർത്തകരുടെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ കാരണം സാധാരണ ഒന്നോ രണ്ടോ ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാമായിരുന്നു. പ്രതിഷേധം കത്തിനിന്ന ഞായറാഴ്ച പോലും സൗദിയിലെ ദമ്മാമിൽ നിന്ന് കരിപ്പൂരിലേക്കുള്ള മൃതദേഹത്തിന് യാത്രാ അനുമതി കിട്ടിയില്ല. മുഖ്യമന്ത്രി ഇടെപട്ടാണ് അവസാനം പ്രശ്നം പരിഹരിച്ചത്.അതോടെ പ്രശ്ന പരിഹാരം ഉടനെയുണ്ടായില്ലെങ്കിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കരിപ്പൂരിലേക്കുള്ള മൃതദേഹങ്ങൾ ഇനിയും വൈകുമെന്ന അവസ്ഥ എല്ലാവർക്കും ബോധ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
