നാട്ടിലേക്ക് പണമയക്കാൻ നിരക്ക് കൂട്ടി
text_fieldsഅബൂദബി: യു.എ.ഇയിലെ പ്രമുഖ പണവിനിമയ സ്ഥാപനങ്ങൾ പണമയക്കുന്നതിനുള്ള ഫീസ് വർധിപ്പിച്ചു. 1000 ദിർഹം വരെയുള്ള ഇടപാടുകൾക്ക് ഒരു ദിർഹവും അതിന് മുകളിലുള്ള ഇടപാടുകൾക്ക് രണ്ട് ദിർഹവുമാണ് വർധിപ്പിച്ചത്. ഇതോടെ 1000 ദിർഹം വരെയുള്ള ഇടപാടുകൾക്കുള്ള ഫീസ് 15ൽനിന്ന് 16 ആയും അതിന് മുകളിലുള്ള ഇടപാടുകൾക്കുള്ള ഫീസ് 20ൽനിന്ന് 22 ആയും ഉയർന്നു. ഏപ്രിൽ 15 മുതലാണ് വർധന നിലവിൽ വന്നത്. 2014 ജനുവരിയിലാണ് പണവിനിമയ സ്ഥാപനങ്ങൾ നേരത്തെ ഫീസ് വർധിപ്പിച്ചിരുന്നത്.
ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിൽ (എഫ്.ഇ.ആർ.ജി) അംഗങ്ങളായ സ്ഥാപനങ്ങളാണ് ഫീസ് വർധിപ്പിതെന്ന് യു.എ.ഇയിലെ പ്രമുഖ പണവിനിമയ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മൊത്തം 72 പണവിനിമയ സ്ഥാപനങ്ങളാണ് എഫ്.ഇ.ആർ.ജിയിൽ അംഗങ്ങളായിട്ടുള്ളത്. സംഘടനയിൽ അംഗങ്ങളല്ലാത്ത സ്ഥാപനങ്ങൾ ഫീസ് വർധന സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല.
യു.എ.ഇയിൽ മൊത്തം 140ഒാളം പണവിനിമയ സ്ഥാപനങ്ങളാണുള്ളത്. അബൂദബിയിൽ 30, ദുബൈയിൽ 90, ഷാർജയിൽ 11, അജ്മാനിൽ രണ്ട്, ഫുജൈറയിൽ ഒന്ന്, അൽെഎനിൽ അഞ്ച് എന്നിങ്ങനെയാണ് മേഖല തിരിച്ചുള്ള കണക്ക്. മൊത്തം പണവിനിമയ സ്ഥാപനങ്ങൾക്കായി 835ഒാളം ശാഖകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
