പ്രളയം കണ്ടതിനും കേട്ടതിനുമപ്പുറം; ദൈവത്തിന് നന്ദിയോതി അധ്യാപകർ
text_fieldsറാസല്‍ഖൈമ: ‘നിങ്ങള്‍ ഇവിടെ കണ്ടതും കേട്ടതും ഒന്നുമല്ല. ഒമ്പത് ദിന രാത്രങ്ങളിലെ നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യമേറെയായിരുന്നു. മോട്ടോര്‍ വാഹനങ്ങള്‍ ചീറിപാഞ്ഞിരുന്നിടത്ത് ഒരു സുപ്രഭാതത്തില്‍ വള്ളങ്ങളും ചെറു ബോട്ടുകളും. യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് ഹെലികോപ്റ്ററുകള്‍. ബോട്ടില്‍ മൃതദേഹവുമായി പോകുന്ന ഹൃദയഭേദകമായ കാഴ്ച്ച^വേലിക്കെട്ടുകളെല്ലാം തകര്‍ത്തെറിഞ്ഞ് മനുഷ്യത്വത്തിെൻറ കലര്‍പ്പില്ലാത്ത സുഗന്ധം അനുഭവിക്കാന്‍ നമുക്ക് ഒരു ദുരന്തം വേണ്ടി വന്നു’.
കേരളത്തില്‍ പ്രളയം ഏറെ ദുരിതം വിതച്ച ചെങ്ങന്നൂരിലെ പെരിശ്ശേരി സ്വദേശിനിയും റാക് ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രധാനധ്യാപികയുമായ ബീന റാണി തീക്ഷ്ണമായ അനുഭവങ്ങളാണ് ഓര്‍ത്തെടുക്കുന്നത്. മകളുടെ വിവാഹ നിശ്ചയം, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിശിഷ്ട ചടങ്ങുകൾ, തുടങ്ങിയ പതിവ് അവധിക്കാല പരിപാടികളുമായാണ് ഇക്കുറിയും നാട്ടിലെത്തിയത്. തോരാ മഴ വേണ്ടുവോളം ആസ്വദിക്കുമ്പോള്‍ ഇതിന് പിറകെ കഠിനമായ പരീക്ഷണ നാളുകളുണ്ടെന്ന് നിനച്ചിരുന്നില്ലെന്ന് ബീന റാണി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ചെങ്ങന്നൂരും പാണ്ടനാട് പോലുള്ള പ്രദേശങ്ങളും പ്രളയത്തില്‍ ഉലയുമ്പോള്‍ പെരുശ്ശേരിയില് തങ്ങള്‍ കുറച്ച് പേര് താമസിക്കുന്നയിടത്ത് ഇൗശ്വരാനുഗ്രഹത്താൽ പ്രശ്നങ്ങൾ കുറവായിരുന്നു. പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു ഒമ്പത് ദിവസങ്ങള്‍ തങ്ങളുടെ ജീവിതം. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ല. ടെലിഫോണും വൈദ്യുതി ബന്ധവുമെല്ലാം മുറിഞ്ഞു. ആദ്യ ദിനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ വള്ളങ്ങളും രണ്ടാം ദിനം മുതല്‍ ഹെലികോപ്ടറുകളിലെ രക്ഷാ പ്രവര്‍ത്തനവുമാണ് ജനങ്ങള്‍ക്ക് രക്ഷയായത്.
പഴയാറ്റില്‍ ദേവീക്ഷേത്രത്തിലെ സദ്യാലയം മത- ജാതി -രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും ആശ്വാസ കേന്ദ്രമായി പ്രവര്‍ത്തിച്ചു. വെള്ളമിറങ്ങിയപ്പോള്‍ കണ്ട അവസ്ഥ വളരെ പരിതാപകരമാണ്. വീടുകളും വസ്തുവകകളും പ്രളയം കൊണ്ടുപോയവരുടെ തിരിച്ച് വരവ് ഏറെ ദുഷ്ക്കരമായിരിക്കും. ‘ഉള്ളത് കൊണ്ട് ഓണം പോലെ’യെന്ന ചൊല്ല് അക്ഷരാര്‍ഥത്തില്‍ അനുഭവച്ചറിയുകയായിരുന്നു ഇക്കുറി അവധി ദിനങ്ങളിലെന്നും ബീനാ റാണി അഭിപ്രായപ്പെട്ടു. റാക് ഐഡിയല്‍ സ്കൂൾ പ്രിന്‍സിപ്പല്‍ പ്രസന്ന ഭാസ്കറും ആശ്വാസം കൊള്ളുകയാണ്. പറവുർ മേഖല വെള്ളത്തിൽ മുങ്ങിയപ്പോഴും ദൈവത്തിെൻറ കരങ്ങള്‍ തങ്ങള്‍ക്ക് തുണയായതില്‍.

അവധി കഴിഞ്ഞ് തിരികെയെത്തിയ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വ്യത്യസ്ത അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. ദുരിതം സമ്മാനിച്ച മനുഷ്യ സ്നേഹത്തിെൻറ ഉദാത്ത മാതൃകകള്‍ കാലങ്ങളോളം നിലനിര്‍ത്താനുള്ള പ്രാര്‍ഥനകളും പ്രവര്‍ത്തനങ്ങളും തുടരണമെന്ന കാര്യത്തില്‍ ഓരോരുത്തരും ദൃഢനിശ്ചയത്തിലുമാണ്.
റാസല്‍ഖൈമയിലെ ഇന്ത്യന്‍, ഇന്ത്യന്‍ പബ്ളിക്, സ്കോളേഴ്സ്, ഐഡിയല്‍, ന്യൂ ഇന്ത്യന്‍ സ്കൂളുകളിലെ ഭൂരിഭാഗം മലയാളി അധ്യാപകരും വിദ്യാര്‍ഥികളും അധ്യയനം തുടങ്ങിയ ഇന്നലെ സ്കൂളില്‍ ഹാജരായതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
