റോഡിൽ അഭ്യാസം: മൂന്നു വനിതകൾ പിടിയിൽ
text_fieldsപൊലീസ് പിടിച്ചെടുത്ത അഭ്യാസപ്രകടനം നടത്തിയ
ബൈക്ക്
ദുബൈ: എമിറേറ്റിലെ റോഡിൽ അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തി സഞ്ചരിച്ച മൂന്നു വനിതകളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വിഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. ആഡംബര ബൈക്കുകളിൽ അതിവേഗത്തിൽ ലൈനുകൾ തെറ്റിച്ചു നിന്നുകൊണ്ടും കാലുകൾ ഒരു ഭാഗത്തിട്ടും ഇവർ സഞ്ചരിക്കുന്നതാണ് വിഡിയോയിലുള്ളത്. ചില ഭാഗങ്ങളിൽ വൺ വീൽ ഡ്രൈവിങും കാണിക്കുന്നുണ്ട്.
മികച്ച പരിശീലനം നേടിയവർക്കുമാത്രം ചെയ്യാനാവുന്ന അഭ്യാസങ്ങളാണ് തിരക്കിട്ട റോഡിൽ ഇവർ കാണിച്ചത്. സംഭവം ദുബൈ റോഡിലാണ് ചിത്രീകരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. അഭ്യാസത്തിൽ പങ്കാളിയായ ഒരു വനിത ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ചുവെച്ചിരുന്നുവെന്നും പിടിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്നും അധികൃതർ പറഞ്ഞു. ഇവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്യലിൽ മൂന്നുപേരും കുറ്റം സമ്മതിച്ചു.
ഇത്തരത്തിൽ അഭ്യാസം കാണിക്കുന്ന 80 ശതമാനം ബൈക്കർമാരും മരണത്തിനും ഗുരുതരമായ പരിക്കിനും കാരണമാകുന്ന അപകടമുണ്ടാക്കാറുണ്ടെന്ന് ദുബൈ പൊലീസ് മേധാവി മേജർ ജന. സൈഫ് അൽ മസ്റൂയി പറഞ്ഞു. അറസ്റ്റിലായ വനിതകൾക്കെതിരെ വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്. അപകടകരമായ ഡ്രൈവിങ്ങിന് 2000 ദിർഹം പിഴയും ലൈസൻസിൽ 23 ട്രാഫിക് ബ്ലാക് പോയിന്റും രണ്ടു മാസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കലുമാണ് ശിക്ഷ.
ഇതിനു പുറമെ പിടിച്ചെടുത്ത വാഹനം തിരിച്ചുകിട്ടാൻ 50,000 ദിർഹം അടക്കേണ്ടതായും വരും. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾ 901എന്ന നമ്പറിലോ സ്മാർട് ആപ്ലിക്കേഷൻ മുഖേനയോ വിവരമറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

