നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ അഭ്യാസം; ദുബൈയിൽ യുവാവ് പിടിയിൽ
text_fieldsദുബൈ പൊലീസ് പിടിയിലായ യുവാവും മോട്ടോർ സൈക്കിളും
ദുബൈ: നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർ സൈക്കിളിൽ അപകടകരമായ രീതിയിൽ അഭ്യാസം കാണിച്ച യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ഖവാനീജിലെ ഖുർആനിക് പാർക്കിലെ പാതയിൽ ഒറ്റച്ചക്രത്തിൽ വാഹനമോടിച്ചയാളാണ് പിടിയിലായത്. സ്വന്തം ജീവനും മറ്റുള്ളവർക്കും അപകടകരമാകുന്ന രീതിയിൽ വാഹനമോടിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
പൊലീസ് ട്രാഫിക് പട്രോളിങ് വിഭാഗം ഒരു മണിക്കൂറോളം പിന്തുടർന്നാണ് യുവാവിനെ ഒരു ഗാരേജ് കോംപ്ലക്സിനുള്ളിൽ വെച്ച് പിടികൂടിയതെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. മോട്ടോർ സൈക്കിൾ ഇതിനകം തന്നെ വിവിധ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. യുവാവിനെ രുടർനടപടികൾക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് അന്വേഷണത്തിനായി കൈമാറിയിരിക്കുകയാണ്.
നമ്പർ പ്ലേറ്റില്ലാതെ ഡ്രൈവ് ചെയ്യുന്നത് 3,000 ദിർഹം പിഴയും 23 ബ്ലാക് പോയന്‍റുകളും 90 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യുന്ന കുറ്റമാണ്. അപകടരമായ ഡ്രൈവിങ് നടത്തിയാൽ 2,000 ദിർഹം പിഴയും 23 ബ്ലാക് പോയന്‍റുകൾ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഹെൽമെറ്റില്ലാതെ ഡ്രൈവ് ചെയ്താൽ 500 ദിർഹം പിഴയും 4 ബ്ലാക് പോയന്‍റുകളും ചുമത്തും.
സ്വന്തം ജീവനും മറ്റുള്ളവർക്കും അപകടകരമാകുന്ന രീതിയിൽ വാഹനമോടിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബ്രി. ജുമാ സാലിം ബിൻ സുവൈദാൻ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. കുട്ടികളെ രക്ഷിതാക്കൾ നിരീക്ഷിക്കണമെന്നും കുട്ടികൾ നിയമവിരുദ്ധമായ അഭ്യാസം പ്രകടനം നടത്തിയാൽ മാതാപിതാക്കൾക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. അപകടകരവും സംശയാസ്പദവുമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ വഴിയോ അടിയന്തരമല്ലാത്ത കാര്യങ്ങൾക്കുള്ള 901 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

