അബൂദബി: സ്വന്തമായൊരു ഭവനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മൂന്നു പതിറ്റാണ്ടു മുമ്പ് അബൂദബിയിലെത്തിയ കണ്ണൂർ ചെറുതാഴം കുഞ്ഞിക്കണ്ണെൻറ മകൻ പുതിയപുരയിൽ ദാമോദരൻ യു.എ.ഇയുടെ 49ാം ദേശീയദിനത്തിൽ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. 1989 ആഗസ്റ്റ് 15ന് ഇന്ത്യയുടെ 42ാം സ്വാതന്ത്ര്യദിനത്തിലാണ് ഇവിടെ എത്തിയത്. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ നാട്ടിൽനിന്ന് യു.എ.ഇയിലെത്തിയ ദാമോദരൻ യു.എ.ഇ ദേശീയദിനത്തിൽ മടങ്ങുന്നു എന്നത് തികച്ചും അപ്രതീക്ഷിതമാണെങ്കിലും പ്രവാസത്തിെൻറ ഓർമ ചരിത്ര ദിനങ്ങളുമായി ചേർന്നത് ശിഷ്ടജീവിതത്തിലും ഓർമിക്കാനാവും.
എം.കോം നേടാനുള്ള ശ്രമത്തിനിടെ വിവാഹിതനായി. ഒരു കുഞ്ഞായതോടെ ബിരുദാനന്തരബിരുദം നേടുകയെന്ന ശ്രമം പാതി വഴിക്കുപേക്ഷിച്ചാണ് അബൂദബിയിൽ ജോലി ചെയ്തിരുന്ന ജ്യേഷ്ഠൻ അയച്ച ഫ്രീ വിസയിൽ എത്തിയത്. അബൂദബി വിമാനത്താവളത്തിൽനിന്ന് മുസഫയിൽ ഫൈബർ ഗ്ലാസ് ടെക്നീഷ്യനായിരുന്ന സഹോദരൻ പി.പി. ബാലെൻറ ജോലി സ്ഥലത്തേക്കായിരുന്നു ആദ്യം പോയത്. ബി.കോം ബിരുദമുണ്ടായിരുന്നതിനാൽ ഒരാഴ്ചക്കുശേഷം അബൂദബിയിലെ ടെക്നിക്കൽ പാർട്സ് എന്ന കമ്പനിയിൽ ക്ലർക്കായി ജോലിയിൽ പ്രവേശിക്കാനായി. ജോലി തുടങ്ങിയെങ്കിലും വിസ കമ്പനിയുടെ സ്പോൺസർഷിപ്പിലേക്ക് മാറ്റാനുള്ള ശ്രമവുമായി വിസയിൽ രേഖപ്പെടുത്തിയ സ്ഥാപനം തേടിപ്പോയേപ്പാഴാണ് അങ്ങനെയൊരു സ്ഥാപനം അബൂദബിയിൽ ഇല്ലെന്ന സത്യമറിയുന്നത്. കല്ലാശേരി പ്രഫഷനിലുള്ള വിസ ക്ലർക്കായി ജോലി ചെയ്യുന്ന ടെക്നിക്കൽ പാർട്സ് എന്ന സ്ഥാപനത്തിലേക്ക് മാറ്റാൻ നിവൃത്തിയില്ലാത്ത അവസ്ഥ.
അവിടെ സ്പോൺഷർഷിപ്പ് മാറ്റാതെ ജോലി തുടരാൻ കമ്പനി അനുവദിച്ചെങ്കിലും ലേബർ ചെക്കിങ്ങിന് ഉദ്യോഗസ്ഥരെത്തുമ്പോൾ പാത്തും പതുങ്ങിയും വെളിയിൽ കടക്കണം. അങ്ങനെ 28 മാസത്തോളം നാട്ടിൽപോലും പോകാതെ ഈ ജോലിയുമായി കഴിഞ്ഞു.
പലപ്പോഴും ലേബർ ചെക്കിങ്ങിനെത്തുന്ന വാഹനത്തിനരികിലൂടെ പിടികൊടുക്കണമെന്ന ഉദ്ദേശ്യത്തോടെയും നടന്നു. ലേബർ ഉദ്യോഗസ്ഥർ പിടികൂടിയാൽ കുറച്ചുദിവസം ജയിലിൽ കിടന്നിട്ടാണെങ്കിലും നാട്ടിലെത്തിയാൽ ഭാര്യയെയും മകളെയും കാണാമെന്ന മോഹത്തിലായിരുന്നു ഈ ശ്രമം. കൺമുന്നിൽ പലരെയും ഉദ്യോഗസ്ഥർ പിടികൂടി കമ്പിവേലി കെട്ടിയ വാഹനത്തിൽ ഇരുത്തുമെങ്കിലും അതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
ഒടുവിൽ കല്ലാശേരിയുടെ പ്രഫഷൻ മാറ്റാനും നാട്ടിലേക്ക് മടങ്ങാനും അനധികൃത കുടിയേറ്റത്തിനു 5000 ദിർഹം പിഴയൊടുക്കി പുതിയ തൊഴിൽ വിസയുമായി നാട്ടിലേക്ക് ആദ്യ അവധിക്കു പോയി. അബൂദബിയിലെ അൽ ഹല്ലാമി ഗ്രൂപ്പ് കമ്പനിയിൽ ചീഫ് അക്കൗണ്ടൻറായാണ് അവധി കഴിഞ്ഞെത്തിയത്. നാല് വർഷം ഈ കമ്പനിയിൽ ജോലി ചെയ്തു. തുടർന്ന് എമിറേറ്റ്സ് ജനറൽ കൺസ്ട്രക്ഷൻ, എമിറേറ്റ്സ് സ്റ്റീൽ വൂൾ തുടങ്ങി ആറു കമ്പനികളിലായി 21 വർഷം അബൂദബിയിൽ ജോലിചെയ്തു. 1993-1995 കാലയളവിൽ അബൂദബി മലയാളി സമാജം, കേരള സോഷ്യൽ സെൻറർ, ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻറർ എന്നീ രജിസ്റ്റേഡ് ഇന്ത്യൻ സംഘടനകളിൽ അംഗത്വമെടുത്തു. അമച്വർ സംഘടനയായ കല അബൂദബി, പയ്യന്നൂർ സൗഹൃദവേദി എന്നിവയുടെ കല- സാംസ്കാരിക പരിപാടികളിലും വളരെ സജീവമായി.
സൗഹൃദവേദിയുടെ സ്ഥാപകാംഗമായ ദാമോദരൻ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. 2009ൽ ഷാർജയിലെ ടെക്ട്രോണിക് കമ്പനിയിൽ ഫിനാൻസ് മാനേജറായി ജോലി മാറി. ഇവിടെനിന്ന് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം മതിയാക്കി 63ാം വയസ്സിലാണ് മടങ്ങുന്നത്.റിട്ട. അധ്യാപികയായ തങ്കമണിയാണ് ഭാര്യ. മക്കൾ: രേവതി രാഹുൽ ദേവ് (സൗദി അറേബ്യ), ആയുർവേദ ഡോക്ടറായ ആതിര റിട്സ് രാജ് (കൂത്തുപറമ്പ്).