75 കോടി ദിര്‍ഹം ചെലവില്‍ റാസല്‍ഖൈമയില്‍ ഏഴ് പുതിയ പവര്‍ സ്റ്റേഷനുകള്‍
text_fieldsറാസല്‍ഖൈമ: യു.എ.ഇയുടെ 2021 വിഷനില്‍ ഉള്‍പ്പെടുത്തി 75 കോടി ദിർം ചെലവില്‍ റാസല്‍ഖൈമയില്‍ ഏഴ് പുതിയ പവര്‍ സ്റ്റേഷനുകള്‍ നിര്‍മിക്കുന്നു. അല്‍ ഗൈല്‍, അല്‍ ജസീറ അല്‍ ഹംറ, അല്‍ ഷരീശ, അല്‍ മര്‍ജാന്‍ ഐലൻറ്, ഫിലയ, അദന്‍, കോര്‍ക്വെയര്‍ തുടങ്ങിയിടങ്ങളിലാണ് പുതിയ പവര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. നിര്‍മാണത്തിലുള്ള നൂറുകണക്കിന് പാര്‍പ്പിട പദ്ധതികള്‍, വിനോദ-വാണിജ്യ-വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവ മുന്നില്‍ കണ്ടാണ് റാസല്‍ഖൈമയില്‍ പുതിയ പവര്‍ സ്റ്റേഷനുകളുടെ നിര്‍മാണമെന്ന് ഫെഡറല്‍ ഇലക്ട്രിസിറ്റി ആൻറ് വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സാലെ അഭിപ്രായപ്പെട്ടു.
ദിഗ്ദഗയില്‍ സ്ഥാപിച്ച പുതിയ പവര്‍ സ്റ്റേഷെൻറ പ്രവര്‍ത്തനം ആരംഭിച്ചതായും അല്‍ റിഫയിലെ വിപുലീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധയിടങ്ങളിലുള്ള പഴയ പവര്സ്റ്റേഷനുകളിലെ ലോഡ് കുറക്കുകയും വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനും പുതിയ പവര്‍ സ്റ്റേഷനുകളുടെ നിര്‍മാണ പൂര്‍ത്തീകരണത്തിലൂടെ കഴിയും. റാസല്‍ഖൈമയില്‍ നൂറു കിലോ മീറ്ററോളം വരുന്ന പഴയ എര്‍ത്ത് കാബിളുകള്‍ അടുത്തിടെ നീക്കി പുതിയവ സ്ഥാപിച്ചിരുന്നു.