ആർ.ടി.എ കെട്ടിടങ്ങളിൽ ഇനി സോളാർ വൈദ്യുതി
text_fieldsആർ.ടി.എയുടെ മൾട്ടിലെവൽ പാർക്കിങ് കേന്ദ്രത്തിന് മുകളിൽ സ്ഥാപിച്ച സോളാർ പാനലുകൾ
ദുബൈ: പുനരുപയോഗ ഉൗർജ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള ദുബൈയുടെ ലക്ഷ്യത്തിലേക്ക് സുപ്രധാന ചുവടുവെച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). വകുപ്പിന്റെ കീഴിലെ കെട്ടിടങ്ങളിലും മറ്റു സൗകര്യങ്ങളിലും സോളാർ വൈദ്യുതി സംവിധാനം സ്ഥാപിക്കുന്ന പദ്ധതി 75 ശതമാനം പിന്നിട്ടതായി അധികൃതർ. ‘ദുബൈ കാർബണു’മായി സഹകരിച്ചാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുന്നത്. ദുബൈ സർക്കാറിന്റെ ‘ശംസ് ദുബൈ’ പദ്ധതിയുമായും ദുബൈ ക്ലീൻ എനർജി ആൻഡ് ഇൻറഗ്രേറ്റഡ് എനർജിയുമായും ചേർന്നാണ് പദ്ധതി രൂപപ്പെടുത്തിയത്.
21 മെഗാവാട്ട് വൈദ്യുതി പദ്ധതിയിലൂടെ ഉൽപാദിപ്പിക്കാൻ ഓരോ മാസവും സാധ്യമാകുമെന്നും ഇതുവഴി ഇലക്ട്രിസിറ്റി ബില്ലിന്റെ 50 ശതമാനം ലാഭിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതായി ആർ.ടി.എ ബിൽഡിങ്സ് ആൻഡ് ഫെസിലിറ്റീസ് ഡയറക്ടർ എൻജി. അബ്ദുറഹ്മാൻ അൽ ജനാഹി പറഞ്ഞു. ആകെ 22 കെട്ടിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് ഡിപ്പോകളും മൾട്ടിലെവൽ പാർക്കിങ് കേന്ദ്രങ്ങളുമെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള കെട്ടിടങ്ങളിൽ കൂടി പദ്ധതി ഈ വർഷം ഏപ്രിലോടെ പദ്ധതി നടപ്പാക്കുമെന്ന് അൽ ജനാഹി പറഞ്ഞു.
റുവിയ്യ ബസ് സ്റ്റേഷൻ, അൽ ഖവാനീജ് ബസ് സ്റ്റേഷൻ, അൽ ഖൂസ് ബസ് സ്റ്റേഷൻ, ജബൽ അലി ബസ് ഡിപ്പോ, അൽ ഖുസൈസ് ബസ് ഡിപ്പോ, നായിഫ് കാർ പാർക്ക്, അൽ മുഹൈസിനയിലെ ആർ.ടി.എ േഡറ്റാ സെന്റർ, ഉമ്മു റമൂലിലെ ആർ.ടി.എ േഡറ്റാ സെന്റർ, അൽ സബ്ഖ കാർ പാർക്ക്, അൽ-ഗുബൈബ കാർ പാർക്ക്, അൽ-ജാഫിലിയ കാർ പാർക്ക്, അൽ അവീർ ബസ് ഡിപ്പോ, ഊദ് മേത്ത ബസ് സ്റ്റേഷൻ, അൽ സത്വ ബസ് സ്റ്റേഷൻ, മുഹൈസിനയിലെ ഡ്രൈവർമാരുടെ താമസ കേന്ദ്രം എന്നിവയിലെല്ലാം നിലവിൽ സ്ഥാപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

