എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കിന് ഇന്നുമുതൽ നിയന്ത്രണം
text_fieldsദുബൈ: എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിലാകും. ബുധനാഴ്ച മുതൽ ചെക്ക് ബാഗേജിൽ പവർ ബാങ്ക് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു. എങ്കിലും ഒരു യാത്രക്കാരന് ഹാൻബാഗേജിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു പവർ ബാങ്ക് സൂക്ഷിക്കാം.
100 വാട്ട് അവർ ശേഷിയുള്ള പവർ ബാങ്കുകൾ മാത്രമേ അനുവദിക്കൂ. ഇക്കാര്യം പവർ ബാങ്കിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. യാത്ര ചെയ്യുമ്പോൾ പവർ ബാങ്ക് ഒരിക്കലും തലക്ക് മുകളിലുള്ള ലഗേജ് കംപാർട്ട്മെന്റിൽ സൂക്ഷിക്കരുത്. പകരം സീറ്റിനടിയിലോ സീറ്റ് പോക്കറ്റുകളിലോ ഭദ്രമായി സൂക്ഷിക്കണം. വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിച്ച് ഏതെങ്കിലും ഉപകരണം ചാർജ് ചെയ്യാനോ വിമാനത്തിലെ ചാർജിങ് പോയന്‍റ് ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവദിക്കില്ല.
ലിതിയം അയൺ, ലിതിയം പോളിമർ സെൽ ബാറ്ററികൾക്ക് തീപിടിക്കുന്നതുൾപ്പെടെ സുരക്ഷ ഭീഷണികൾ സമീപകാലത്ത് വർധിച്ചിട്ടുണ്ട്. ബാറ്ററിക്ക് കേടുപാടുകൾ സംഭവിക്കുകയോ അമിതമായി ചാർജ് ചെയ്യുകയോ ചെയ്താൽ ‘തെർമൽ റൺഎവേ’ എന്ന പ്രതിഭാസം കാരണം ബാറ്ററി അമിതമായി ചൂടാവുകയും തീയോ സ്ഫോടനമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് നിയമം കർശനമാക്കിയത്.
അതേസമയം, എല്ലാ വിമാനങ്ങളിലും മൊബൈൽ, ലാപ്ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സീറ്റിൽ തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. എങ്കിലും യാത്രക്ക് മുമ്പ് തങ്ങളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പൂർണമായും ചാർജ് ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്ന് യാത്രക്കാരോട് എമിറേറ്റ്സ് അധികൃതർ അഭ്യർഥിച്ചു. മറ്റ് ചില എയർലൈനുകളിൽ നേരത്തെ പവർ ബാങ്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

