മലീഹ ഗോതമ്പ് പാടത്തിന് സമീപം കോഴി, പശു ഫാമുകൾ നിർമിക്കും
text_fieldsമലീഹയിൽ വിളഞ്ഞുനിൽക്കുന്ന ഗോതമ്പുപാടം
ഷാർജ: ഏക്കർ കണക്കിന് മരുഭൂമിയിൽ ഗോതമ്പ് വിളയിച്ച് മാതൃകയായ മലീഹയിൽനിന്ന് കൂടുതൽ ജൈവ ഉൽപന്നങ്ങൾ വരുന്നു. പദ്ധതിയുടെ മൂന്നാംഘട്ടത്തിലാണ് ഗോതമ്പു പാടത്തിന് സമീപം കോഴി വളർത്തലും പശു ഫാമും ആരംഭിക്കുന്നത്. രാസപദാർഥങ്ങളിൽനിന്ന് മുക്തമായ തികച്ചും ജൈവികമായ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന പദ്ധതി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് വെളിപ്പെടുത്തിയത്. റേഡിയോ പരിപാടിയിൽ സംസാരിക്കവെയാണ് പരസ്പരം ഉപകരിക്കുന്ന മൂന്ന് ഫാമുകളുടെ നിർമാണം സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചത്.
സാധാരണ ഫാമുകൾ 27 ദിവസത്തിൽ കോഴികളെ വളർത്തി ചിക്കൻ വിപണിയിലേക്ക് എത്തിക്കുമ്പോൾ ഇവിടെ ആരംഭിക്കുന്ന ഫാമിൽ വളർച്ചക്ക് 70 ദിവസമെടുക്കും. തികച്ചും ഹരിതപൂർണമായ സാഹചര്യത്തിൽനിന്ന് ഭക്ഷണം ലഭ്യമാക്കി ഇവയെ വളർത്തുന്നതിനാലാണിത് -ശൈഖ് സുൽത്താൻ പറഞ്ഞു.
പദ്ധതിയിൽ നിർമിക്കുന്ന മൂന്ന് ഫാമുകളും പരസ്പരം ബന്ധിതമായിരിക്കും. ഗോതമ്പു പാടത്തെ വൈക്കോലാണ് ഇവിടെ നിർമിക്കുന്ന പശു ഫാമിൽ ഉപയോഗിക്കുക. പശുക്കളിൽ നിന്നുള്ള വളം ഗോതമ്പു പാടത്തും ഉപയോഗിക്കും. ഇതുവഴി ഇവിടെ നിന്നുള്ള എല്ലാ ഉൽപന്നങ്ങളും രാസ പദാർഥങ്ങളിൽനിന്ന് മുക്തമാകും. ആയിരം പശുക്കൾക്ക് ആവശ്യമായ വൈക്കോൽ പാടത്തുനിന്ന് ലഭിക്കും. പശു ഫാമിൽനിന്ന് മികച്ചയിനം പാൽ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം മലീഹയിലെ ഗോതമ്പു പാടത്തെ കൃഷി ശൈഖ് സുൽത്താൻ സന്ദർശിച്ചിരുന്നു. ഇത്തവണത്തെ ഗോതമ്പ് കൃഷി കൊയ്ത്തിന് പാകമായിക്കൊണ്ടിരിക്കുകയാണ്. പാടത്ത് എത്തിയ ശൈഖ് സുൽത്താൻ വിളഞ്ഞ ഗോതമ്പു കതിരുകൾ പരിശോധിക്കുകയും മറ്റു കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ ഓർഗാനിക് ഗോതമ്പ് കൃഷിപ്പാടമാണിത്. 1,900 ഹെക്ടർ സ്ഥലത്താണ് ഇവിടെ കൃഷി ഒരുക്കുന്നത്. ഇവിടെനിന്നുള്ള ഗോതമ്പിൽ 18 ശതമാനം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ വർഷമാണ് ആദ്യമായി ഈ പ്രദേശത്ത് ഗോതമ്പ് ഉൽപാദിപ്പിച്ചത്. കൃഷിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് കഴിഞ്ഞ നവംബറിൽ ഗോതമ്പ് വിത്തിറക്കിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാലാവസ്ഥക്ക് യോജിക്കുന്ന രീതിയിൽ വെള്ളമെത്തിക്കുന്ന ജലസേചന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്.
ദിവസവും 60,000 ക്യുബിക് മീറ്റർ വെള്ളം വരെ പമ്പ്ചെയ്യാൻ ശേഷിയുള്ള ആറ് വലിയ സക്ഷൻ പമ്പുകൾ വഴിയാണ് ഗോതമ്പ് പാടത്തേക്ക് വെള്ളം എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

