മാർപാപ്പയുടെ നിര്യാണം; അനുശോചിച്ച് ഭരണാധികാരികൾ
text_fields2019ൽ യു.എ.ഇ സന്ദർശനത്തിനെത്തിയ പോപ്പ് ഫ്രാൻസിസ് മാർപാപ്പ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനുമൊപ്പം
ദുബൈ: പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എക്സ് അക്കൗണ്ടിലെ കുറിപ്പിൽ ലോകത്താകമാനമുള്ള കത്തോലിക്ക വിശ്വാസികൾക്ക് അനുശോചനമറിയിച്ചു.
സമാധാനപൂർണമായ സഹവർത്തിത്വവുംപരസ്പരം മനസ്സിലാക്കലും പ്രോത്സാഹിപ്പിച്ച ജീവിതമായിരുന്നു മാർപാപ്പയുടേതെന്നും അദ്ദേഹം അനുസ്മരിച്ചു. നിര്യാണ വാർത്ത ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ടിൽ കുറിച്ചു.
അനുകമ്പയിലൂടെയും സമാധാനത്തോടുള്ള പ്രതിബദ്ധതയിലൂടെയും എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച മഹാനായ നേതാവായിരുന്നെന്നും, മാനവികതയുടെയും മതാന്തര ഐക്യത്തിലെയും മാർപാപ്പയുടെ പൈതൃകം ലോകത്താകമാനമുള്ള ധാരാളം സമൂഹങ്ങളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.യു.എ.ഇയുമായി സൗഹാർദപൂർവമായ ബന്ധം സൂക്ഷിച്ച മാർപാപ്പ 2019 ഫെബ്രുവരിയിൽ രാജ്യം സന്ദർശിച്ചിരുന്നു. ഇതോടൊനുബന്ധിച്ച് അബൂദബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ നടന്ന ചടങ്ങിൽ 1.8 ലക്ഷം പേരാണ് ഒഴുകിയെത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞുകവിയുകയായിരുന്നു. മറ്റുള്ളവർക്ക് ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ സ്റ്റേഡിയത്തിന് പുറത്ത് കൂറ്റൻ സ്ക്രീനുകളിൽ കുർബാന വീക്ഷിക്കാൻ സൗകര്യമൊരുക്കുകയായിരുന്നു. ആത്മീയമായ ചടങ്ങ് എന്നതോടൊപ്പം സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രദർശനം കൂടിയായിരുന്നു അത്. യു.എ.ഇ സഹിഷ്ണുതാ- സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനും ചടങ്ങിന് സാക്ഷിയായിരുന്നു.
ഡോ. ആസാദ് മൂപ്പന് അനുശോചിച്ചു
ദുബൈ: പോപ്പ് ഫ്രാന്‍സിസിന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ദുഃഖം രേഖപ്പെടുത്തി. കരുണയും ദീര്‍ഘവീക്ഷണവുമുള്ള ഒരു നേതാവായിരുന്നു അദ്ദേഹം.
വിനയം, ഐക്യം, സമാധാനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ കൈമുതലാക്കിയ അദ്ദേഹത്തിന്റെ പാരമ്പര്യം ലോകമെമ്പാടും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സഹിഷ്ണുതക്കും മതസൗഹാര്‍ദത്തിനും ഏറെ പ്രാധാന്യം നല്കുന്ന രാജ്യമായ യു.എ.ഇയിലേക്ക് 2019ല്‍ അദ്ദേഹം നടത്തിയ ചരിത്രപരമായ സന്ദര്‍ശനം നാം വിലമതിക്കുന്ന സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങളെ ശക്തിപ്പെടുത്തുന്ന നിര്‍ണായക മുഹൂര്‍ത്തമായി മാറിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ
ഷാർജ: മാർപാപ്പയുടെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ അനുശോചിച്ചു. വിനയത്തിന്റെയും കാരുണ്യത്തിന്റെയും സാർവത്രിക സ്നേഹത്തിന്റെയും പ്രതീകമായിരുന്ന പാപ്പ ശബ്ദമില്ലാത്തവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുംവേണ്ടിയാണ് നിലകൊണ്ടതെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം കാത്തോലിക്ക സമൂഹത്തിന് മാത്രമല്ല, മാനവരാശിക്ക് മൊത്തത്തിൽ അഗാധമായ ദുഃഖത്തിന്റെ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
മാർപാപ്പയുടെ വിയോഗത്തിൽ ഓർമ അനുശോചനം
ദുബൈ: അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ, അവർക്കുവേണ്ടി വാദിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം അദ്ദേഹം പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു.
ജീവിതത്തിലുടനീളം അഭയാർഥികൾക്കുവേണ്ടി ശബ്ദമുയർത്തിയിരുന്ന ഇന്നേവരെ ഒരു മാർപാപ്പയും സ്വീകരിച്ചിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ജനകീയനായ ആ പാപ്പ ഇനിയെന്നും ജനഹൃദയങ്ങളിൽ നിറവോടെ നിലനിൽക്കും. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് ഓർമ അനുശോചനം രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

