ട്രാഫിക് നിയമഭേദഗതി പരിചയപ്പെടുത്താൻ കാമ്പയിനുമായി പൊലീസ്
text_fieldsദുബൈ പൊലീസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ഉന്നത ഉദ്യോഗസ്ഥർ സംസാരിക്കുന്നു
ദുബൈ: എമിറേറ്റിൽ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന് രൂപപ്പെടുത്തിയ പുതിയ ട്രാഫിക് നിയമം ഡ്രൈവർമാരെയും പൊതുജനങ്ങളെയും പരിചയപ്പെടുത്തുന്നതിന് ദുബൈ പൊലീസ് കാമ്പയിൻ ആരംഭിച്ചു. പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചുകിട്ടുന്നതിനും മറ്റും ശക്തമായ പിഴ ഏർപ്പെടുത്തിയ നിയമം വ്യഴാഴ്ച മുതൽ നിലവിൽ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാമ്പയിൻ ഒരുക്കുന്നതെന്ന് പൊലീസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈഥി പറഞ്ഞു.
റോഡ് അപകടങ്ങൾ വർധിക്കുന്ന കണക്കുകളുടെ വെളിച്ചത്തിൽ, ജീവന് സുരക്ഷയൊരുക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യംവെക്കുന്നത്. അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവരെ നിയന്ത്രിക്കുകയാണ് പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019-2022 കാലയളവിൽ മാത്രം ദുബൈയിൽ അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾ, ചുവപ്പ് സിഗ്നൽ മറികടക്കൽ എന്നീ കാരണങ്ങളാൽ 164 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കേസുകൾ പഠനവിധേയമാക്കിയ ശേഷമാണ് നിയമഭേദഗതിക്ക് അനുമതി നൽകിയിരിക്കുന്നത്. ഗുരുതര നിയമലംഘനങ്ങളെ കർശനമായി തടയുന്നതിനാണ് വർധിച്ച പിഴയടക്കമുള്ള ഉപാധികൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയത്.
ഏറ്റവും കൂടുതൽ പിഴ ഏർപ്പെടുത്തിയിരിക്കുന്നത് റോഡിൽ മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങൾ മത്സരയോട്ടം നടത്തിയാലാണ്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകിട്ടാൻ ലക്ഷം ദിർഹം പിഴയൊടുക്കേണ്ടി വരുമെന്ന് നിയമത്തിൽ പറയുന്നു. ചില കുറ്റങ്ങൾക്ക് 50,000 ദിർഹമും മറ്റു ചിലതിന് 10,000 ദിർഹമും അടക്കണം.
മൊത്തം പിഴ 6,000 ദിർഹത്തിൽ കൂടുതലായാൽ പൊലീസിന് വാഹനം കണ്ടുകെട്ടാനുള്ള അവകാശമുണ്ടെന്നും നിയമത്തിൽ പറയുന്നുണ്ട്. ചുവപ്പ് സിഗ്നൽ ലംഘിച്ച് കടന്നുപോകുന്ന ഹെവി വാഹനങ്ങളുടെ ഡ്രൈവർമാരെ നാടുകടത്തുമെന്നും ഭേദഗതി വരുത്തിയ നിയമത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

