റമദാനിൽ സമ്മാനത്തട്ടിപ്പ്; പൊതുജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ്
text_fieldsഅബൂദബി: റമദാൻ മത്സരത്തിൽ വിജയികളായിട്ടുണ്ടെന്നും സമ്മാനത്തുക നല്‍കുന്നതിന് ബാങ്ക് അക്കൗണ്ട്, എ.ടി.എം കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പ് നടക്കുന്നതിൽ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്.
തട്ടിപ്പില്‍ ജാഗ്രത പാലിക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെടുന്ന അനംഗീകൃത ചാരിറ്റികളിലേക്കുള്ള വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അബൂദബി പൊലീസിന്റെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാശ്ദിയും ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ കേണല്‍ റാഷിദ് ഖാലിദ് അല്‍ സഹാരിയും ആവശ്യപ്പെട്ടു.
ഔദ്യോഗിക ജീവകാരുണ്യ സംഘടനകളുമായി ബന്ധപ്പെട്ടുവേണം അര്‍ഹരെ സഹായിക്കാനെന്നും സഹാരി ആവശ്യപ്പെട്ടു. വിശ്വാസികളുടെ ഉദാരമനസ്കത മുതലെടുത്ത് റമദാനില്‍ ഒട്ടേറെ തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മുന്നറിയിപ്പുമായി രംഗത്തുവന്നത്.
ഇന്‍ഷുറന്‍സ് ദാതാക്കള്‍, റസ്റ്റാറന്റുകള്‍, ചില്ലറ വ്യാപാരികള്‍ തുടങ്ങി അറിയപ്പെടുന്ന കമ്പനികളുടെ വ്യാജ വെബ്സൈറ്റുകള്‍ തയാറാക്കിയും തട്ടിപ്പുസംഘം പണം തട്ടും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓഫറുകള്‍ വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഇരകളുടെ അക്കൗണ്ടിലെ പണം സംഘം തട്ടിയെടുക്കുകയും ചെയ്യും.
ആഘോഷ വേളകളിലും ഔദ്യോഗിക പരിപാടികളുടെ സമയത്തുമൊക്കെയാണ് തട്ടിപ്പുകാര്‍ വ്യാജ തൊഴില്‍ റിക്രൂട്ട്മെന്റ് പേജുകളും സമൂഹ മാധ്യമ പരിപാടികള്‍ സംഘടിപ്പിച്ചും തട്ടിപ്പ് നടത്തുക. ഇല്ലാത്ത ജോലിക്കായി ഇരകളില്‍ നിന്ന് തട്ടിപ്പ് സംഘം പണം ഈടാക്കുന്നുണ്ട്. പണം നല്കിക്കഴിഞ്ഞുമാത്രമായിരിക്കും തങ്ങള്‍ കബളിക്കപ്പെട്ട വിവരം ഇരകള്‍ തിരിച്ചറിയുക.
നൂതന വിദ്യകളിലൂടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടെന്നും ഇതിനാല്‍ തന്നെ വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ഏവരും സ്വീകരിക്കണമെന്നും യു.എ.ഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അക്കൗണ്ടുകള്‍ക്ക് ഊഹിക്കാനാവാത്ത വിധമുള്ള പാസ് വേഡുകള്‍, മള്‍ട്ടി ഫാക്ടര്‍ ഓതന്റിക്കേഷന് മുതലായ രീതികള്‍ അവലംബിക്കണമെന്നും കൗണ്‍സില്‍ ഓര്‍മിപ്പിച്ചു.
സോഫ്റ്റ് വെയറുകള്‍ സ്ഥിരമായി അപ് ഡേറ്റ് ചെയ്തും ഫേസ് ഐ.ഡി, ഫിംഗര്‍പ്രിന്റ് റക്കഗ്നീഷ്യന് പോലുള്ള ബയോമെട്രിക് ഓതന്റിക്കേഷനുകള്‍ ഉപയോഗപ്പെടുത്തി ഉപകരണങ്ങള്‍ സംരക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ സമീപ പൊലീസ് സ്റ്റേഷനിലെത്തി വിവരം കൈമാറണം. ബാങ്ക് അക്കൗണ്ട് വിശദാംശം ആവശ്യപ്പെട്ട് ആരെങ്കിലും വിളിച്ചാലും ഈ വിവരം ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയോ 8002626 എന്ന സുരക്ഷാ സര്‍വിസ് നമ്പറില്‍ വിളിക്കുകയോ 2828 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയോ ചെയ്യണം.
aman@adpolice.gov.ae എന്ന മെയിലിലും അബൂദബി പൊലീസിന്റെ സ്മാര്‍ട്ട് ആപ്പിലൂടെയും വിവരം കൈമാറാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

