വാഹനങ്ങളുടെ പെട്ടെന്നുള്ള ഗതിമാറ്റം; മുന്നറിയിപ്പുമായി പൊലീസ്
text_fieldsഅജ്മാന്‍: റോഡില്‍ വാഹനങ്ങളുടെ പെട്ടെന്നുള്ള ഗതി മാറ്റങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പൊലീസ്. അജ്മാന്‍ പൊലീസാണ് ഇത്തരം നടപടികള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരത്തില്‍ പെട്ടെന്ന് ഒരു വാഹനം ഗതിമാറിയത് നിരവധി വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന അവസ്ഥക്ക് കാരണമായ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
പെട്ടെന്നുള്ള ഗതിമാറ്റം മൂലം പിറകിലെ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതിന് കാരണമായി. അശ്രദ്ധയോടെ ഗതി മാറ്റിയതും പിറകിലെ വാഹനങ്ങള്‍ കൃത്യമായ അകലം കാത്തു സൂക്ഷിക്കാത്തതുമാണ് ഈ അപകടത്തിന് കാരണമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. ‘സൂക്ഷിക്കുക’ എന്ന പേരില്‍ ആരംഭിച്ച ഗതാഗത അവബോധ കാമ്പയിനോടനുബന്ധിച്ചാണ് പൊലീസ് മുന്നറിയിപ്പ് വിഡിയോ പങ്കുവെച്ചത്.
ഡ്രൈവർമാർക്കിടയിൽ ഗതാഗത അവബോധം വളർത്താനും, ചുവന്ന സിഗ്നൽ ലംഘിക്കൽ, പെട്ടെന്ന് വാഹനമോടിക്കൽ, ലെയ്ൻ മാർഗനിർദേശങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളുടെ അപകടങ്ങളെക്കുറിച്ച് അവരെ അറിയിക്കാനാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്. കേണൽ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു.
പെട്ടെന്ന് ഗതി മാറി വാഹനം ഓടിച്ചാൽ 1,000 ദിർഹവും സുരക്ഷിതമായ അകലം പാലിക്കാത്തതിന് 400 ദിർഹവും പിഴ ചുമത്തുമെന്ന ഓർമപ്പെടുത്തലോടെയാണ് വിഡിയോ അവസാനിക്കുന്നത്. ഗതാഗത അവബോധ പദ്ധതിയുടെ ഭാഗമാണ് കാമ്പയിനെന്ന് അജ്മാൻ പൊലീസിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേധാവി ലെഫ്. കേണൽ നൂറ സുൽത്താൻ അൽ ശംസി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

