ഓൺലൈൻ അധിക്ഷേപത്തിനെതിരെ പൊലീസ് മുന്നറിയിപ്പ്; ജയിൽ ശിക്ഷയും അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും
text_fieldsദുബൈ: സോഷ്യൽ മീഡിയയിലും ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലും നടക്കുന്ന ഓൺലൈൻ അധിക്ഷേപങ്ങളും അപകീർത്തികരമായ ഭാഷാ പ്രയോഗങ്ങളും യു.എ.ഇ നിയമപ്രകാരം നിയമനടപടികൾക്ക് കാരണമാകുമെന്ന് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്. ദുബൈ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള സൈബർക്രൈം ആൻഡ് ഇ-സെക്യൂരിറ്റി വിഭാഗമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ അപമാനിക്കുകയോ അഭിമാനത്തെ ക്ഷതപ്പെടുത്തുകയോ ചെയ്യുന്നത് ക്രിമിനൽ നടപടികൾക്കും ശിക്ഷ ലഭിക്കാനും കാരണമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വാർത്താവിനിമയ മാർഗങ്ങളിലൂടെയോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റൊരാളെ അപമാനിക്കുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്താൽ, 2021ലെ ഫെഡറൽ നിയമപ്രകാരം തടവ് ശിക്ഷയും അല്ലെങ്കിൽ 2.5ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കാമെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വബോധത്തോടെ പെരുമാറണമെന്നും സമൂഹത്തിന്റെ മൂല്യങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും മാനിക്കണമെന്നും ദുബൈ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി പൊതുജനങ്ങൾക്ക് ദുബൈ പൊലീസ് സ്മാർട്ട് ആപ്പ്, ഇ-ക്രൈം പ്ലാറ്റ്ഫോം, അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിക്കാനുള്ള സൗകര്യം ലഭ്യമാണെന്നും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

