സമൂഹമാധ്യമ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: വാഹന ഇന്‍ഷുറന്‍സുകള്‍ക്ക് കുറഞ്ഞ നിരക്ക് വാഗ്ദാനംചെയ്യുന്ന സമൂഹമാധ്യമ പരസ്യങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് റാക് പൊലീസ്. അംഗീകൃത നിരക്കിനെക്കാള്‍ കുറഞ്ഞ തുകക്ക് പ്രീമിയം വാഗ്ദാനംചെയ്യുന്ന ഇന്‍ഷുറന്‍സ് സ്കീമുകള്‍ വ്യാജമായിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം വാഗ്ദാനം നല്‍കുന്നവരുടെ ലക്ഷ്യം ജനങ്ങളെ വഞ്ചിക്കുകയാണ്. തട്ടിപ്പ് മാഫിയകളുടെ ഓഫറുകളിൽ വീഴുന്നവരെ കാത്തിരിക്കുന്നത് സാമ്പത്തിക നഷ്ടമാണ്.
ചില ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ പ്രീമിയം നിരക്ക് ഉയര്‍ത്തിയതിന്‍റെ മറവിലാണ് വ്യാജ പോളിസികളുമായി തട്ടിപ്പ് മാഫിയയുടെ സോഷ്യല്‍ മീഡിയ പ്രചാരണം. വിപണി നിരക്കിനെക്കാള്‍ കുറഞ്ഞ പ്രീമിയം വാഗ്ദാനംചെയ്യുന്നവരെ സംശയത്തോടെ വീക്ഷിക്കണം. മിനിമം നിരക്കിനെക്കാള്‍ താഴെയുള്ള പ്രീമിയം വാഗ്ദാനം ചെയ്യുകയെന്നത് തട്ടിപ്പ് തന്ത്രമാണ്. പോളിസികള്‍ക്കായി സമീപിക്കേണ്ടത് വിശ്വാസ്യതയും അംഗീകൃതവുമായ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയാണ്. വ്യക്തികളുടെ അക്കൗണ്ടിലേക്കും പരിചിതമല്ലാത്ത ഫോണ്‍നമ്പറുകളിലേക്കും പണം അയക്കുന്നത് ഒഴിവാക്കണം.
ലൈസന്‍സുള്ള സ്ഥാപനങ്ങളുടെ ഔദ്യോഗിക ചാനലുകള്‍ വഴി മാത്രമാണ് പണം നല്‍കേണ്ടത്. ഇന്‍ഷുറന്‍സ് കവറേജ് നിയമപരമാണെന്നും നിക്ഷേപം സുരക്ഷിതമാണെന്നും ഉറപ്പാക്കുന്നതിന്, നടപടികള്‍ക്ക് ശേഷം പോളിസി സാക്ഷ്യപത്രം താമസമില്ലാതെ ലഭിച്ചെന്ന് ഉറപ്പ് വരുത്തണം. സംശയകരമായ ഓഫറുകള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അധികൃതരെ അറിയിക്കുന്നത് പൊതുസമൂഹത്തിന് ഗുണകരമാകും. വ്യാജ പരസ്യങ്ങളിലെ ലിങ്കുകളിലൂടെ ബാങ്ക്-വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കുന്നത് തട്ടിപ്പ് മാഫിയയുടെ വലയിലകപ്പെടുന്നതിനിടയാക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

