ശൈത്യകാലം; ചൂടിനായി തീ കത്തിക്കുന്നതിൽ ജാഗ്രത വേണമെന്ന് പൊലീസ്
text_fieldsദുബൈ: തണുപ്പിൽ നിന്ന് രക്ഷനേടാൻ വീട്ടിനകത്ത് ഹീറ്റർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തീപ്പിടിക്കാനും ശ്വാസം മുട്ട് അനുഭവപ്പെടാനും ഇടയാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്.
ശൈത്യകാലം തുടങ്ങിയതോടെ യു.എ.ഇയിൽ താപനില രാത്രികാലങ്ങളിൽ 13 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരിക്കുകയാണ്. ജബൽ ജെയ്സ് പോലുള്ള മലയോര മേഖലകളിൽ നാല് ഡിഗ്രി സെൽഷ്യസാണ് താപനില.
ശൈത്യകാലം വരുന്നതോടെ കൊടും തണുപ്പിൽ നിന്ന് രക്ഷനേടുന്നതിനായി വീടുകളിൽ രാത്രി മരങ്ങളോ കരിയോ ഉപയോഗിച്ച് തീയിടുന്നതും ഹീറ്ററുകൾ ഉപയോഗിക്കുന്നതും യു.എ.ഇയിൽ സ്ഥിരം കാഴ്ചയാണ്.
പലപ്പോഴും അശ്രദ്ധമായി ചാർകോളുകൾ ഉപയോഗിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കാറുമുണ്ട്. കരിയിൽ നിന്നുള്ള പുക ശ്വസിച്ച് അൽഐനിൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
സമാനമായ അപകടമാണ് അശ്രദ്ധമായി ഹീറ്ററുകൾ ഉപയോഗിക്കുന്നതിലൂടെയും സംഭവിക്കുകയെന്ന് അബൂദബി പൊലീസും സിവിൽ ഡിഫൻസും മുന്നറിയിപ്പു നൽകുന്നു. കൃത്യമായ സുരക്ഷ മാർഗ നിർദേശങ്ങൾ പാലിച്ചു വേണം ചൂട് ഉൽപാദിപ്പിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ.
ജാഗ്രത വേണം ഇക്കാര്യങ്ങളിൽ
1. വീടിനുള്ളിൽ വിറക് അല്ലെങ്കിൽ കരി ഉപയോഗിച്ച് തീ കത്തിക്കുക
2. വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹീറ്ററിന് സമീപം ഉറങ്ങുക
3. പ്രത്യേക എക്സ്ഹോസ്റ്റുകൾ നൽകി ശരിയായ വായുസഞ്ചാരം നിലനിർത്താതിരിക്കുക
4. വീടിന് പുറത്ത് കത്തിച്ച വിറക് കെടുത്താൻ മറന്ന് പോകരുത്
5. ഇലക്ട്രിക് ഹീറ്ററുകളുടെ ശേഷിയും സുരക്ഷയും ഉറപ്പാക്കണം
6. ഹീറ്റർ വയറുകൾ ഫ്ലോർ മാറ്റുകൾക്കടിയിൽ വെക്കരുത്
7. കുട്ടികളെ ഹീറ്ററുകൾക്ക് ചുറ്റും കളിക്കാൻ അനുവദിക്കരുത്
8. ഹീറ്ററിൽ സ്പർശിക്കുക
9. തീപിടിക്കുന്ന വസ്തുക്കൾ ഹീറ്ററുമായി സമ്പർക്കം പുലർത്താൻ അനുവദിക്കുക
10. സുഗന്ധ ദ്രവ്യങ്ങൾ കത്തിക്കാൻ ഹീറ്റർ ഉപയോഗിക്കുക
11. വെള്ളത്തിനടുത്തോ ഈർപ്പമുള്ള സ്ഥലത്തോ ഹീറ്റർ സ്ഥാപിക്കുക
12. ഉറങ്ങുമ്പോഴോ വീട്ടിൽനിന്ന് പുറത്ത് പോകുമ്പോഴോ ഹീറ്റർ ഓഫ് ചെയ്യാതിരിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

