പൊലീസ് നിരീക്ഷണം ശക്തം; ദേരയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു
text_fieldsദുബൈ: കുറ്റകൃത്യങ്ങൾ കുറക്കാൻ നിരീക്ഷണം ശക്തമാക്കിയ ദുബൈ പൊലീസിെൻറ നടപടികൾ ലക്ഷ്യം കാണുന്നു. നഗരത്തിലെ ഏറ്റവും ജനത്തിരക്കേറിയ ദേരയിലെ നായിഫ് പ്രദേശത്താണ് ക്രിമിനൽ പ്രവർത്തനങ്ങൾ കുറക്കാൻ സാധിച്ചത്. ഈ വർഷം ആദ്യ ആറുമാസത്തിൽ ഈ ഭാഗത്ത് 44 ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 19 ശതമാനം കുറവാണ്. 2020 ആദ്യ പാദത്തിൽ 54 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മയക്കുമരുന്ന് കേസുകൾ, ആയുധമുപയോഗിച്ച കൊള്ള, ആക്രമണവും കൊലപാതവും എന്നിവയാണ് ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കുന്നത്. സ്മാർട്ട് ഡേറ്റ അനാലിസിസ്, വർധിപ്പിച്ച നിരീക്ഷണം, പെട്ടെന്നുള്ള ഇടപെടൽ, പ്രത്യേക പട്രോൾ വാഹനങ്ങൾ എന്നിവയാണ് കുറ്റകൃത്യങ്ങൾ കുറക്കാൻ സഹായിച്ചതെന്ന് നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. താരിഖ് തഹ്ലഖ് പറഞ്ഞു. ജനങ്ങൾക്ക് ബോധവത്കരണം നൽകിയത് കുറ്റകൃത്യങ്ങൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് സഹായിച്ചിട്ടുണ്ട്. ഓരോ സ്ഥലങ്ങളിലും അഞ്ചുമിനിറ്റിനകം എത്തിച്ചേരാനും നിലവിൽ സാധിക്കുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും പട്രോളിങ് മുഴുവൻ സമയവും നടപ്പാക്കുന്നു -അദ്ദേഹം പറഞ്ഞു. സംശയാസ്പദമായ കാര്യങ്ങൾ 901, 999 എന്നീ നമ്പറുകളിൽ തുടർന്നും ജനങ്ങൾക്ക് അറിയിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

