ഉമ്മുൽഖുവൈനിൽ പൊലീസ് രാത്രികാല പട്രോളിങ് ആരംഭിച്ചു
text_fieldsരാത്രിയിൽ നഗരത്തിൽ റോന്തുചുറ്റുന്ന ഉമ്മുൽ ഖുവൈൻ
പൊലീസ് വാഹനം
ഉമ്മുൽഖുവൈൻ: എമിറേറ്റിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉമ്മുൽ ഖുവൈൻ പൊലീസ് രാത്രികാല പട്രോളിങ് ആരംഭിച്ചു. റെസിഡൻഷ്യൽ മേഖലകൾ, പ്രവാസികളായ തൊഴിലാളികൾ ഒത്തുചേരുന്നയിടങ്ങൾ, തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിലാണ് രാത്രികാല പരിശോധന ശക്തമാക്കിയതെന്ന് ഉമ്മുൽ ഖുവൈൻ പൊലീസ് അറിയിച്ചു.
പൊലീസ് വാഹനം രാത്രിയിൽ നഗരങ്ങളിലൂടെ പോകുന്നതിന്റെ വിഡിയോയും ഉമ്മുൽ ഖുവൈൻ പൊലീസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ അപകടകരമാം വിധം റേസിങ് നടത്തിയ വാഹനങ്ങൾ കഴിഞ്ഞ മാർച്ചിൽ പൊലീസ് പിടികൂടിയിരുന്നു. എല്ലാ ഡ്രൈവർമാരും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

