തൊഴിൽ വിസ തട്ടിപ്പുകൾ വർധിക്കുന്നതായി പൊലീസ്
text_fieldsദുബൈ: തൊഴിൽ വിസ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ താമസക്കാർക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. നിയമപരമായ അടിസ്ഥാനമില്ലാതെ തൊഴിൽ, വിസ സ്പോൺസർഷിപ് എന്നിവ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് സെന്റർ ആണ് മുന്നറിയിപ്പ് നൽകിയത്. തട്ടിപ്പുകാർ മുൻകൂറായി പണം വാങ്ങിക്കൊണ്ട് ഇരകൾക്ക് സുരക്ഷിതമായ ജോലിയോ ഫാസ്റ്റ് ട്രാക്ക് വിസയോ വാഗ്ദാനം ചെയ്താണ് ആകർഷിക്കാറുള്ളതെന്നും അധികൃതർ വിശദീകരിച്ചു.
ഔദ്യോഗിക സർക്കാർ മാർഗങ്ങളിലൂടെയോ നിയമപരമായി ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികളിലൂടെയോ മാത്രമേ തൊഴിൽ വിസകൾ ലഭിക്കൂ എന്ന് അധികൃതർ ഓർമിപ്പിച്ചു. ഇതല്ലാത്ത ഏതൊരു ഓഫറും സംശയത്തോടെ മാത്രമേ കാണാവൂവെന്നും മുന്നറിയിപ്പിൽ പറഞ്ഞു. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ, മെസേജിങ് ആപ്പുകൾ, അനൗപചാരിക നെറ്റ്‌വർക്കുകൾ എന്നിവയിലൂടെയാണ് പലപ്പോഴും ഇരകളെ ലക്ഷ്യമിടുന്നത്. ഏജന്റുമാരായോ കമ്പനി പ്രതിനിധികളായോ വേഷമിടുന്ന തട്ടിപ്പുകാർ തൊഴിലന്വേഷകരുടെ നിർബന്ധിതാവസ്ഥ ചൂഷണം ചെയ്യുകയാണ് -പൊലീസ് ചൂണ്ടിക്കാട്ടി.
പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട ഔദ്യോഗിക അധികാരികളുമായി വിസ ഓഫറുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണമെന്നും അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫിസുകളും സർക്കാർ പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ അംഗീകൃത ചാനലുകൾ മാത്രം ഉപയോഗിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ‘ഗ്യാരന്റീഡ്’ വിസകളോ സാധാരണ നടപടിക്രമങ്ങൾക്ക് പുറത്തുള്ള കുറുക്കുവഴികളോ വാഗ്ദാനം ചെയ്യുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും സംബന്ധിച്ച് ജാഗ്രത പാലിക്കണം. സംശയാസ്പദമായ ഓഫറുകൾ ലഭിക്കുന്നവർ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്, ഓൺലൈൻ, സൈബർ സംബന്ധമായ കുറ്റകൃത്യങ്ങൾക്കായുള്ള ഇ-ക്രൈം പ്ലാറ്റ്‌ഫോം, 901 എന്ന നമ്പർ എന്നിവ വഴി റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

