അബദ്ധത്തിൽ പണമയച്ചെന്ന് അവകാശപ്പെട്ട് തട്ടിപ്പെന്ന് പൊലീസ്
text_fieldsദുബൈ: അജ്ഞാതമായ സ്രോതസ്സുകളിൽനിന്ന് അബദ്ധത്തിൽ പണമയച്ചെന്ന് അവകാശപ്പെട്ട് വരുന്ന അറിയിപ്പുകളിൽ വഞ്ചിതരാകരുതെന്ന് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ പണമയച്ചെന്ന് അറിയിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെട്ടാണ് ഫോൺ വിളികൾ വരുന്നത്. എന്നാൽ ഇത്തരം പണം ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാകാൻ സാധ്യതയുണ്ടെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പിൽ പറഞ്ഞു.
തട്ടിപ്പ്, കളവ്, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച പണം അയക്കാനായി കുറ്റവാളികൾ ഈ തന്ത്രം ഉപയോഗപ്പെടുത്തുന്നുണ്ട്. മറ്റാർക്കെങ്കിലും പണമയക്കുമ്പോൾ, അത് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെങ്കിൽ പ്രതി ചേർക്കപ്പെടാൻ വരെ സാധ്യതയുണ്ട്.
കാരണം ഒരാളുടെ അക്കൗണ്ടിൽനിന്ന് പണമയച്ചതിന് ഉടമ നിയമപരമായി ബാധ്യസ്ഥനാണ്. അതിനാൽ ഇത്തരം ഫോൺവിളികളെ വിശ്വസിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. പലപ്പോഴും മെഡിക്കൽ ബിൽ, ശമ്പളം, കുടുംബത്തിലെ അടിയന്തര ആവശ്യങ്ങൾ എന്നിങ്ങനെ വൈകാരികമായ ആവശ്യങ്ങൾക്കുള്ള പണമാണെന്നും അവകാശപ്പെടുമെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു.
ഇത്തരം അനുഭവങ്ങളുണ്ടായാൽ പണം ഉപയോഗിക്കരുതെന്നും ആർക്കും അയച്ചു നൽകരുതെന്നും, ബാങ്കിനെയും പൊലീസിനെയും അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ദുബൈ പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ 901എന്ന നമ്പറിൽ വിളിച്ചോ, ദുബൈ പൊലീസ് ആപ്പോ വെബ്സൈറ്റോ ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

