കളഞ്ഞുപോയ 2.6 കോടിയുടെ വസ്തുക്കൾ തിരികെ നൽകി പൊലീസ്
text_fieldsദുബൈ: യാത്രക്കാരുടെ കളഞ്ഞുപോയ 2.6 കോടിയുടെ വസ്തുക്കൾ കണ്ടെത്തി തിരികെ ഏൽപിച്ച് ദുബൈ പൊലീസ്. 2024ലെ ഇതുസംബന്ധിച്ച കണക്കുകളാണ് പൊലീസ് പുറത്തുവിട്ടത്. ദുബൈ പൊലീസ് എയർപോർട്ട് സെക്യൂരിറ്റി വിഭാഗമാണ് നഷ്ടപ്പെട്ടുപോകുന്ന വസ്തുക്കൾ കണ്ടെത്തുന്നതിൽ യാത്രക്കാർക്ക് തുണയായത്. വകുപ്പിലെ ജീവനക്കാരുടെ തുടർച്ചയായ പരിശ്രമത്തിന്റെ ഫലമാണ് നേട്ടമെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. അതോടൊപ്പം നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്താനായി നൂതനമായ ലോസ്റ്റ് ആൻഡ് ഫൗണ്ട് സംവിധാനം ഉപയോഗിക്കുന്നതും ഏറെ സഹായകരമായി.
എല്ലാവർക്കും കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ദുബൈ പൊലീസിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് സംവിധാനം ഒരുക്കുന്നത്. നഷ്ടപ്പെട്ട വസ്തുക്കൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികളുമായി എയർപോർട്ട് സുരക്ഷസംഘം ആശയവിനിമയം നടത്തുകയും വസ്തുക്കൾ വേഗത്തിൽ തിരികെ നൽകുന്നത് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
സഹിഷ്ണുത, സഹവർത്തിത്വം, സാമൂഹിക ഉത്തരവാദിത്തം എന്നീ മൂല്യങ്ങൾ ദുബൈ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നേട്ടമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ഹമൂദ അൽ സുവൈദി അൽ അമീരി പറഞ്ഞു.
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നായ ദുബൈയിലെ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും തിരക്കേറിയ കേന്ദ്രമാണ്. 2024ൽ ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ 9.2 കോടിയിലധികം യാത്രക്കാർ ഇതുവഴി കടന്നുപോയിട്ടുണ്ട്. ഇത്രയും ഉയർന്ന ട്രാഫിക് ഉള്ളതിനാൽ, വിലപിടിപ്പുള്ള വസ്തുക്കളും പണവും ഉൾപ്പെടെ നിരവധി ലഗേജുകൾ നഷ്ടപ്പെട്ട സംഭവങ്ങൾ സാധാരണമാണ്. വർഷങ്ങളായി യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിലൂടെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി പ്രശസ്തി കൈവരിച്ചിട്ടുണ്ട്.
എല്ലാ വിമാനത്താവള ഉപയോക്താക്കളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സേവനങ്ങൾ നിരന്തരം മെച്ചപ്പെടുത്തുന്നുമുണ്ട്. ഇതിലൂടെ ലോകത്ത് എവിടെയായിരുന്നാലും, വസ്തുക്കൾ അവയുടെ യഥാർഥ ഉടമകൾക്ക് തിരികെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിയുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

