മൂന്നു മാസം പൊലീസിന് ലഭിച്ചത് 14.6 ലക്ഷം കോളുകൾ
text_fieldsജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഓപറേഷൻസിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനു ചേർന്ന യോഗം
ദുബൈ: സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ അതിവേഗ ഇടപെടലുകൾ നടത്തുന്ന ദുബൈ പൊലീസിന് 2025ന്റെ നാലാം പാദത്തിൽ ലഭിച്ചത് 14.6 ലക്ഷത്തിലധികം അടിയന്തര കാളുകൾ. ദുബൈ പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് മൂന്നു മാസത്തിനിടെ ഇത്രയും അടിയന്തര കാളുകൾ കൈകാര്യം ചെയ്തത്.
10 സെക്കൻഡിനുള്ളിൽ 99.5 ശതമാനം കാളുകളോടും പ്രതികരിച്ചതോടെ 2024ലെ ഇതേ കാലയളവിലെ 91.1 ശതമാനത്തേക്കാൾ വലിയ മുന്നേറ്റം രേഖപ്പെടുത്താനും സാധിച്ചു. വർധിച്ച കാളുകളുടെ എണ്ണത്തിനിടയിലും വേഗത്തിലുള്ള സേവനം നിലനിർത്താൻ ദുബൈ പൊലീസിന് സാധിച്ചതായി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപറേഷൻസിന്റെ പ്രവർത്തനസന്നദ്ധത ക്രിമിനൽ സെക്ടർ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് അൽ ശംസി കഴിഞ്ഞ ദിവസം യോഗത്തിൽ വിലയിരുത്തി. അടിയന്തര സാഹചര്യങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, മഴക്കാല വെല്ലുവിളികൾ എന്നിവ നേരിടുന്നതിനുള്ള തയാറെടുപ്പുകൾ, കാര്യക്ഷമമായ പട്രോളിങ് വിന്യാസം, അടിയന്തര റിപ്പോർട്ടുകളിൽ അതിവേഗ ഇടപെടൽ എന്നിവ യോഗത്തിൽ ചർച്ചയായി.
നാലാം പാദത്തിൽ സുരക്ഷാ കവറേജ് നിരക്ക് എമിറേറ്റിന്റെ 99.54 ശതമാനം ഭാഗങ്ങളിലുമായി ഉയർന്നിട്ടുണ്ട്. മുൻവർഷം ഇതേകാലയളവിൽ ഇത് 98.01 ശതമാനമായിരുന്നു ആവറേജ്. കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ ആധുനിക സാങ്കേതിക സംവിധാനങ്ങൾ, റിയൽ ടൈം ഡേറ്റ, ഇന്റലിജന്റ് പ്രകടന സൂചികകൾ എന്നിവയിലൂടെ തീരുമാനമെടുക്കൽ കൂടുതൽ എളുപ്പമായതായും അധികൃതർ വ്യക്തമാക്കി. മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെ മേജർ ജനറൽ അൽ ഷംശംസി ആദരിക്കുകയും, ദുബൈയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി നിലനിർത്തുന്നതിൽ അവരുടെ പ്രതിബദ്ധതയെ പ്രശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

