സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ബോധവത്കരണവുമായി പൊലീസ്
text_fieldsദുബൈ: സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയും പ്രതിരോധ നടപടികൾ സംബന്ധിച്ചും ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളുമായി ദുബൈ പൊലീസ്. 40ലധികം സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് തന്ത്രപരമായ പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റിലെ ക്രൈം പ്രിവൻഷൻ വിഭാഗമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ആധുനിക കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആളുകളെ വഞ്ചിച്ച് പണം കൈക്കലാക്കുന്ന രീതികളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും വ്യക്തിഗത ഡാറ്റയും ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കാനാണ് ആസൂത്രണം ചെയ്യുന്നത്.
പദ്ധതി സാമൂഹിക ബോധവത്കരണം ശക്തിപ്പെടുത്താനും തട്ടിപ്പ് കേസുകൾ കുറക്കാനുമുള്ള ദുബൈ പൊലീസിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ ബ്രി. സഈദ് അൽ ഹജ്രി പറഞ്ഞു.
ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന ഫോൺ കോളുകളോട് ഒരിക്കലും പ്രതികരിക്കരുതെന്നും, വ്യക്തിഗതമോ അല്ലെങ്കിൽ സാമ്പത്തികമോ ആയ വിവരങ്ങൾ പുതുക്കണമെന്ന് പറഞ്ഞ് വരുന്ന അഭ്യർഥനകൾ തട്ടിപ്പാണെന്നും ആന്റി-ഫ്രോഡ് സെന്റർ ഡയറക്ടർ ലഫ്. കേണൽ അലി അൽ യമാഹി പറഞ്ഞു.
തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപെട്ടാൽ ദുബൈ പൊലീസ് സ്മാർട്ട് ആപ്പ്, 901 (നോൺ-എമർജൻസി നമ്പർ), ഇ-ക്രൈം പ്ലാറ്റ്ഫോം, ‘പൊലീസ് ഐ’ സർവീസ് എന്നിവ വഴി റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഫോൺ തട്ടിപ്പിലൂടെ പണം നഷ്ടമായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും കാർഡ് ബ്ലോക്ക് ചെയ്യുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

