കാമറകളിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റിൽ ചെളി പുരട്ടി; ഡ്രൈവറെ പിടികൂടി പൊലീസ്
text_fieldsഷാർജ: ട്രാഫിക് കാമറകളുടെ കണ്ണുവെട്ടിക്കാൻ നമ്പർ പ്ലേറ്റിൽ മനഃപൂർവം ചെളി പുരട്ടി യാത്ര ചെയ്ത ലോറി ഡ്രൈവറെ ഷാർജ പൊലീസ് പിടികൂടി. ഷാർജയിലുടനീളം സ്ഥാപിച്ച അത്യാധുനിക സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ഡിജിറ്റൽ സാങ്കേതികവിദ്യകളും കാമറകളും ഉപയോഗിച്ച് വാഹനത്തെ തിരിച്ചറിഞ്ഞ പൊലീസ്, തുടന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വലിയ വാഹനങ്ങൾക്ക് നിരോധനമുള്ള റോഡുകളിൽ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഡ്രൈവർ നമ്പർ പ്ലേറ്റ് മറയ്ക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
വാഹനവും ഡ്രൈവറും നിലവിലെ നിയമ നടപടികൾ നേരിടുകയാണെന്ന് അധികൃതർ അറിയിച്ചു. നമ്പർ പ്ലേറ്റുകൾ മറയ്ക്കാനോ ട്രാഫിക് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനോ ഉള്ള ശ്രമങ്ങൾ സ്മാർട്ട് കാമറകളുടെ മുന്നിൽ വിലപ്പോവില്ലെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ മുൻനിർത്തി, പ്രത്യേകിച്ച് വലിയ വാഹനങ്ങളുടെ ഡ്രൈവർമാർ നിശ്ചിത സമയങ്ങളും അനുവദിച്ച പാതകളും കൃത്യമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

