തടവുകാർക്ക് കളിയും പഠനവും; മനസ്സുമാറ്റാൻ വിവിധ പരിപാടികൾ
text_fieldsപുനരധിവാസ പദ്ധതികളുടെ ഭാഗമായി കായികവിനോദങ്ങളിൽ ഏർപ്പെടുന്ന തടവുകാർ
ദുബൈ: കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിലടക്കപ്പെടുന്നവരുടെ മനസ്സുമാറ്റി നല്ല വ്യക്തികളാക്കുന്നതിന് വിവിധ പരിപാടികളൊരുക്കി ദുബൈ പൊലീസ്. ഇത്തരത്തിൽ ഈ വർഷം ആദ്യപാദത്തിൽ 946തടവുകാർക്ക് പരിശീലനവും പുനരധിവാസവും ഉറപ്പുവരുത്തിയിട്ടുണ്ട് ദുബൈ പൊലീസിലെ ശിക്ഷാ, തിരുത്തൽ നടപടികൾക്കുള്ള വകുപ്പ്. തടവുകാലത്തിനുശേഷം പുതുതായി ജീവിതം തുടങ്ങുന്നതിന് ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കലാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ പരിശീലനം, പഠനം എന്നിവ ഇതിൽ ഉൾപ്പെടും. വിദ്യാഭ്യാസ പദ്ധതികൾ, മതപരമായ പഠന പദ്ധതികൾ, കായിക പരിപാടികൾ, തൊഴിൽ പരിശീലനം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് പരിശീലനം നൽകിവരുന്നതെന്ന് വകുപ്പ് ഡയറക്ടർ മേജർ ജനറൽ അലി അൽ ഷമാലി പറഞ്ഞു.
വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന അന്തേവാസികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും കോഴ്സുകളും സാമഗ്രികളും നൽകുന്നതാണ് വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുന്നത്. പ്രഭാഷണങ്ങൾ, സെമിനാറുകൾ, കോഴ്സുകൾ, വിശുദ്ധ ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ശിൽപശാലകൾ എന്നിവയിലൂടെ മതബോധം ശക്തമാക്കാനാണ് മതപരമായ പഠന പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ മത്സരങ്ങൾ കാണാൻ സംവിധാനമൊരുക്കുന്നതുമാണ് കായിക പദ്ധതികളിൽ ഉൾപ്പെടുന്നത്. തടവുകാലം കഴിഞ്ഞ് പുറത്തിറങ്ങിയാൽ മാന്യമായി ജീവിക്കാൻ സഹായിക്കുന്ന ജോലി പരിശീലിപ്പിക്കലാണ് തൊഴിൽ വിഭാഗത്തിന്റെ പ്രവർത്തനം. ഫോട്ടോഗ്രഫി വർക്ക്ഷോപ്പുകൾ, ത്രീഡി മോഡലിങ് കോഴ്സുകൾ, ഇംഗ്ലീഷ്, അറബിക് കലോത്സവങ്ങൾ, കമ്പ്യൂട്ടർ കോഴ്സുകൾ, അറബിക് ഭാഷാ കോഴ്സുകൾ, റീഡിങ് ക്ലബുകൾ, റമദാൻ സ്പോർട്സ് ടൂർണമെന്റ് തുടങ്ങി നിരവധി പരിപാടികൾ പദ്ധതികളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പരിപാടികളിൽ ഭാഗമാകുന്നതിലൂടെ കുറ്റകൃത്യ വാസന കുറയുകയും സമൂഹത്തിലെ നല്ല പൗരന്മാരാവാൻ പ്രചോദനം നൽകുകയുമാണ് അധികൃതർ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

