‘പ്ലാറ്റ്ഫോം-09’ എക്സിബിഷൻ ഫുജൈറയില്‍ ഒന്നുമുതല്‍
text_fieldsഫുജൈറ: സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ മകൾ ശൈഖ ശംസ ബിൻത് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിൽ ‘പ്ലാറ്റ്ഫോം-09’ന്റെ ഒമ്പതാം പതിപ്പ് ഫുജൈറയില്‍ ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന പരിപാടിയില്‍ അറബ് ലോകത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 90 പ്രഗല്ഭര് പങ്കെടുക്കും. ഭക്ഷണ പവിലിയൻ, തത്സമയ സംഗീത പ്രകടനങ്ങൾ തുടങ്ങിയവയും എക്സിബിഷനിൽ ഉൾപ്പെടുന്നു.
സ്ത്രീകള്‍ക്ക് അവരുടെ സർഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും പുതിയ പ്രോജക്ടുകള്‍ അവതരിപ്പിക്കാനുമുള്ള വേദി ഒരുക്കുക എന്നതാണ് ‘പ്ലാറ്റ്ഫോം-09’ എക്സിബിഷന്റെ ലക്ഷ്യമെന്ന് ശൈഖ ശംസ ബിൻത് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി പറഞ്ഞു.
യു.എ.ഇയിൽനിന്നും വിദേശത്തുനിന്നുമുള്ള പുതിയ വനിത സംരംഭകരുമായി ബന്ധം സ്ഥാപിക്കാനും അതുവഴി വ്യവസായത്തിൽ താല്പര്യം വളര്‍ത്തിയെടുക്കാനും ഇത് ലക്ഷ്യംവെക്കുന്നു. എല്ലാ മേഖലകളിലും സ്തീകളെ ശാക്തീകരിക്കുകയും അതുവഴി സ്വയംപര്യാപ്തമായ സമൂഹത്തെ കെട്ടിപ്പടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം എക്സിബിഷൻ ഒരുക്കിയിട്ടുള്ളത്.

