മരുഭൂമിയിൽ പ്ലാസ്റ്റിക് കൂമ്പാരം: നടപടിയുമായി മുനിസിപ്പാലിറ്റി
text_fieldsദുബൈ: ശൈത്യകാലത്തിന് തുടക്കമായതോടെ ദുബൈയിലെ മരുഭൂമികളിൽ രാത്രികാല സന്ദർശകരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. അതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നുകൂടുകയാണ്. ഇതിനെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങുകയാണ് ദുബൈ മുനിസിപ്പാലിറ്റി. അനധികൃത ഭക്ഷ്യ വിതരണക്കാർക്കും മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയാണ്.
പ്രദേശവാസികൾക്കും മാലിന്യങ്ങൾ ശല്യമായി മാറിയിട്ടുണ്ട്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃത കച്ചവടക്കാർക്കെതിരെ അടച്ചുപൂട്ടൽ നടപടികളിലേക്ക് നീങ്ങാനാണ് ദുബൈ മുനിസിപ്പാലിറ്റി ആലോചിക്കുന്നത്. കൃത്യമായ ലൈസൻസും ശുചിത്വം ഉറപ്പുവരുത്തുന്നതിനുള്ള മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ ഭക്ഷ്യവസ്തുക്കളുടെ വിൽപന പാടുള്ളൂവെന്നാണ് നിയമം. ശൈത്യകാലങ്ങളിൽ സന്ദർശകർ അധികമായതോടെ വലിയ രീതിയിലുള്ള കച്ചവടമാണ് ഇവിടങ്ങളിൽ നടക്കുന്നത്.
ഭക്ഷ്യവസ്തുക്കൾ വാങ്ങുന്ന സന്ദർശകർ മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ച് മടങ്ങുന്നതാണ് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കാരണം. പ്രാദേശികമായ വന്യജീവികളുടെ ആവാസ വ്യവസ്ഥകൾക്ക് മാലിന്യങ്ങൾ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം ബോധവത്കരണവും നടത്താനാണ് പദ്ധതി. പല സ്ഥലങ്ങളിലും ഇതിനകം വിൽപന പൊലീസും മുനിസിപ്പാലിറ്റിയും ചേർന്ന് നിരോധിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.
ദുബൈ മുനിസിപ്പാലിറ്റിയുടെ ഫുഡ്വാച്ച് പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ഭക്ഷ്യവസ്തുക്കൾ വിൽപന നടത്താനുള്ള അനുമതി ലഭിക്കുക. പൊതുജനാരോഗ്യവും പരിസ്ഥിതി സുരക്ഷയും ഉറപ്പുവരുത്തിയ ശേഷമാണ് ഇവർക്ക് ലൈസൻസ് നൽകാറ്. അനധികൃതമായ വിൽപന നടത്തുന്നവർക്ക് 5,00 മുതൽ 1000 ദിർഹം വരെയാണ് പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

