പ്ലാസ്റ്റിക് കുപ്പി ശേഖരണം; സ്കൂളുകൾക്ക് സമ്മാനവുമായി അബൂദബി പരിസ്ഥിതി ഏജന്‍സി
text_fieldsഅബൂദബി: ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് കുപ്പികള്‍ ഏറ്റവും കൂടുതല്‍ ശേഖരിച്ചുനല്‍കുന്ന സ്കൂളിന് 12,000 ദിര്‍ഹം സമ്മാനം നല്കുന്ന മത്സരവുമായി അബൂദബി പരിസ്ഥിതി ഏജന്‍സി. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്ലിങ് ചെയ്യുന്നതിനായി സ്കൂളുകളില്‍ ശേഖരിക്കുന്നതാണ് മത്സരം. എമിറേറ്റിലെ സ്കൂളുകള്‍ക്കായി നടത്തുന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ കുപ്പികള്‍ ശേഖരിക്കുന്നവര്‍ക്കാണ് സമ്മാനം. രണ്ടുമാസമാണ് മത്സര കാലയളവ്. ഒറ്റത്തവണ പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്ന അബൂദബിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിസ്ഥിതി ഏജന്‍സി ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്.
പരിസ്ഥിതിയെക്കുറിച്ച് ബോധവാന്മാരാണ് പുതുതലമുറയെന്നും ഇതുസംബന്ധിച്ച് കുടുംബങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ അഹ്മദ് ബഹ്റൂണ് പറഞ്ഞു. എമിറേറ്റ്സ് സ്കൂള്‍സ് എസ്റ്റാബ്ലിഷ്മെന്റുമായി സഹകരിച്ചാണ് അബൂദബി പരിസ്ഥിതി ഏജന്‍സി സ്കൂളുകള്‍ക്കായി വേറിട്ട മത്സരം സംഘടിപ്പിക്കുന്നത്. നവംബര്‍ 22നാണ് മത്സരം അവസാനിക്കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 ദിര്‍ഹവും മൂന്നാം സ്ഥാനക്കാര്‍ക്ക് 8000 ദിര്‍ഹവും സമ്മാനം ലഭിക്കും. ആകെ ഏഴ് സ്ഥാനക്കാര്‍ക്ക് സമ്മാനമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. സമ്മാന തുക സ്കൂളുകള്‍ സുസ്ഥിര പരിസ്ഥിതി പദ്ധതികള്‍ക്കായി ചെലവഴിക്കണം. ജേതാക്കളാവുന്ന സ്കൂളുകളുടെ വിവരങ്ങള്‍ അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പരസ്യപ്പെടുത്തും. സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

