ദുബൈയിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് വിലക്ക് വരുന്നു
text_fieldsദുബൈ: എമിറേറ്റിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് വിലക്ക് വരുന്നു. ജൂലൈ ഒന്നു മുതൽ പുനരുപയോഗം സാധ്യമല്ലാത്ത സഞ്ചികൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പണം ഈടാക്കും. രണ്ടുവർഷത്തിനകം ഇത്തരം സഞ്ചികൾക്ക് സമ്പൂർണ നിരോധം നിലവിൽ വരുത്താനുമാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ദുബൈ എക്സിക്യൂട്ടിവ് കൗൺസിലാണ് പ്ലാസ്റ്റിക് കിറ്റ് ഉപയോഗം സംബന്ധിച്ച് പുതിയ നയം പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതിന്‍റെ ഭാഗമായി ഈവർഷം ജൂലൈ ഒന്നു മുതൽ പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് സഞ്ചികളിൽ സാധനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽനിന്ന് സഞ്ചി ഒന്നിന് 25 ഫിൽസ് വീതം തുക ഈടാക്കും.
ഫാർമസികൾ, ടെക്സ്റ്റൈൽസുകൾ തുടങ്ങി ഓൺലൈനിൽ സാധനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങൾക്കുവരെ ഇത് ബാധകമായിരിക്കും. രണ്ടുവർഷത്തിനകം ഇത്തരം സഞ്ചികൾ ദുബൈയിൽ പൂർണമായി വിലക്കുക എന്നതാണ് ലക്ഷ്യമെന്ന് എക്സിക്യൂട്ടിവ് കൗൺസിൽ അറിയിച്ചു.
വിദശമായ സർവേകളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്ലാസ്റ്റിക് കിറ്റ് നിരോധനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും 85 ശതമാനം രാജ്യനിവാസികളും സർവേയിൽ പിന്തുണക്കുന്നുണ്ട്. നൂറുകണക്കിന് ഒട്ടകങ്ങളും ആമകളുമാണ് ദുബൈയിൽ പ്ലാസ്റ്റിക് സഞ്ചികൾ ഭക്ഷിച്ച് ചത്തൊടുങ്ങുന്നത്. പരിസ്ഥിതി ആഘാതം കുറക്കാനാണ് പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിന് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് അധികൃതർ അറിയിച്ചു.