സ്കൂൾ ജീവനക്കാരുടെ നിലവാരം വിലയിരുത്താൻ പദ്ധതി
text_fieldsദുബൈ: രാജ്യത്തെ സ്കൂളുകളിലെ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും നിലവാരം വിലയിരുത്തുന്നതിന് പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം. 2025-26 അക്കാദമിക് വർഷത്തിന് മുന്നോടിയായാണ് ‘സ്കൂൾ ജീവനക്കാരുടെ കഴിവ് വിലയിരുത്തൽ പദ്ധതി’ നടപ്പാക്കുന്നത്. രാജ്യത്തെ പൊതു വിദ്യാലയങ്ങളിലെ 14,059 ജീവനക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്തി വിലയിരുത്തും.
ഈ മാസം 10 വരെയാണ് വിലയിരുത്തൽ നടക്കുക. കഴിവുകൾ വിലയിരുത്തുന്നതിനൊപ്പം നൈപുണ്യം കുറഞ്ഞ മേഖലകൾ കണ്ടെത്തുക കൂടിയാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. ദേശീയതലത്തിൽ അംഗീകരിച്ച ചട്ടക്കൂടിനനുസരിച്ചാണ് വിലയിരുത്തൽ നടപ്പാക്കുക.വരാനിരിക്കുന്ന അധ്യയന വർഷത്തേക്ക് അനുയോജ്യമായ പ്രഫഷനൽ വികസനപദ്ധതികൾ രൂപപ്പെടുത്തുന്നതിനുള്ള തയാറെടുപ്പ് കൂടിയാണിത്.
ആത്യന്തികമായി 2025-2026 ലെ വിദ്യാഭ്യാസ ഫലങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ ഇത് സഹായിക്കും. വിലയിരുത്തലിൽ വ്യത്യസ്ത സ്കൂൾ തലങ്ങളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടും. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച് പദ്ധതിയിൽ ഉൾപ്പെടുന്നവരിൽ 10,865 പേർ കിന്റർഗാർട്ടൻ മുതൽ സൈക്കിൾ 1 സ്കൂൾ വരെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ്. 911പേർ കരിയർ പ്രോഗ്രഷൻ സ്കൂളുകളിൽനിന്നുള്ളവരും 2,283പേർ സ്ഥാനം മാറാൻ ഉദ്ദേശിക്കുന്ന അധ്യാപകരുമാണ്. യു.എ.ഇയിൽ ഉടനീളമുള്ള 28 കേന്ദ്രങ്ങളിലായാണ് വിലയിരുത്തൽ നടക്കുക.
പങ്കെടുക്കുന്ന ഓരോരുത്തരും 30 മുതൽ 36 വരെ ചോദ്യങ്ങൾക്ക് 30 മുതൽ 75 മിനിറ്റിനുള്ളിൽ ഉത്തരം നൽകണം. രാവിലെ 8.30 നും ഉച്ചക്ക് 2.00നും ഇടയിൽ മൂന്ന് സെഷനുകളിലായാണ് വിലയിരുത്തൽ. 66 പ്രൊജക്ടർമാരാണ് വിലയിരുത്തൽ പ്രക്രിയക്ക് മേൽനോട്ടം വഹിക്കുന്നത്. അതോടൊപ്പം ഓരോ കേന്ദ്രത്തിലും ഐ.ടി വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

