ദുബൈയിൽ 40 ഇടങ്ങളിൽ ഗതാഗതം സുഗമമാക്കാൻ പദ്ധതി
text_fieldsദുബൈ: നഗരത്തിലെ 40 സുപ്രധാന മേഖലകളിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിന് പദ്ധതി പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ജൂൺ മാസത്തിൽ ആരംഭിക്കുന്ന പദ്ധതി സെപ്റ്റംബറോടെ പൂർത്തീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 22 പ്രധാന റോഡുകൾ, ഒമ്പത് സ്കൂൾ മേഖലകൾ, അഞ്ച് പ്രധാന വികസന മേഖലകൾ, അൽ ഖവാനീജ് 2, നാദൽ ശിബ തുടങ്ങിയ നിരവധി ഉൾപ്രദേശങ്ങളിലെ റോഡ് നെറ്റ് വർക്കുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുക.
വേനൽക്കാലത്തെ ഒഴിവുദിനങ്ങൾകൂടി പരിഗണിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ദിവസേനയുള്ള യാത്രക്കാർക്ക് തടസ്സങ്ങളൊഴിവാക്കാനും മികച്ച ഗുണനിലവാരം ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും. റോഡ് സുരക്ഷ, ഗതാഗത സൗകര്യം, താമസകേന്ദ്രങ്ങളും സ്കൂളുകളുകളും തമ്മിലുള്ള കണക്ടിവിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ ദുബൈയുടെ അതിവേഗത്തിലുള്ള നഗര വളർച്ചയെയും സാമ്പത്തിക വികാസത്തെയും പിന്തുണക്കുന്നതിനാണ് ആർ.ടി.എ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ജുമൈറ വില്ലേജ് സർക്കിൾ (ഹെസ്സ സ്ട്രീറ്റ് ഭാഗത്തേക്ക്), റാസൽ ഖോർ റോഡ്, അൽ തന്യ സ്ട്രീറ്റ്, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ് സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, അൽ സആദ സ്ട്രീറ്റ്, അൽ അസായിൽ സ്ട്രീറ്റ് എന്നിവയാണ് നവീകരിക്കുന്ന പ്രധാന റോഡുകൾ. അൽ വസ്ൽ സ്ട്രീറ്റിന്റെയും അൽ മനാറ സ്ട്രീറ്റിന്റെയും തിരക്കേറിയ ജങ്ഷൻ മെച്ചപ്പെടുത്താനും ആസൂത്രണം ചെയ്തിട്ടുണ്ട്.
സുരക്ഷ വർധിപ്പിക്കുന്നതിനും സ്കൂളുകൾക്ക് ചുറ്റുമുള്ള തിരക്ക് കുറക്കുന്നതിനുമായി, ആർ.ടി.എ ഒമ്പത് പ്രധാന സ്കൂൾ മേഖലകൾ നവീകരിക്കുന്നുണ്ട്. ഇതിനായി അൽ വർഖ 1 സ്കൂൾ സമുച്ചയത്തിൽ പുതിയ ആക്സസ് റോഡുകൾ, അൽ വർഖ 3ലെ ജെംസ് സ്കൂളിലേക്ക് പുതിയ ബസ് പ്രവേശന കവാടം, അൽ സഫ 1ലെ ഇംഗ്ലീഷ് കോളജിന് സമീപം ആക്സസ് പോയിന്റുകളുടെ വിപുലീകരണം, അൽ ബർഷ 1ലെ അൽ സീദാഫ് സ്ട്രീറ്റിൽ പുതിയ സിഗ്നൽ നിയന്ത്രിത കാൽനട ക്രോസിങ് എന്നിവ ഇതിൽ ഉൾപ്പെടും. ദുബൈയുടെ വർധിച്ചുവരുന്ന ജനസംഖ്യയും കുതിച്ചുയരുന്ന റിയൽ എസ്റ്റേറ്റ് മേഖലയും കണക്കിലെടുത്ത് അഞ്ച് പ്രധാന വികസന മേഖലകളിൽ നവീകരണ പദ്ധതികളും നടപ്പിലാക്കും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് അൽ മുഹൈസിന ലേബർ ക്യാമ്പുകളിലേക്ക് നേരിട്ടുള്ള പാത, പുതിയ റെസിഡൻഷ്യൽ ഏരിയകളിലേക്ക് പ്രവേശനം എളുപ്പമാക്കാൻ അൽ മുസ്തഖ്ബൽ സ്ട്രീറ്റ് (ബ്രൂക്ക്ഫീൽഡ്) നവീകരണം, അൽ ഖൈൽ റോഡിനും അൽ അസായിൽ സ്ട്രീറ്റിനും ഇടയിൽ അൽ മറാബിയ സ്ട്രീറ്റ് വഴി ലിങ്കുകൾ, ലൂത്ത പള്ളിക്ക് സമീപമുള്ള നാദൽ ഹമറിൽ ജങ്ഷൻ മെച്ചപ്പെടുത്തൽ, ഊദ് അൽ മുതീനയിലെ സായിദ് വിദ്യാഭ്യാസ സമുച്ചയത്തിൽ പുതിയ പാർക്കിങ് സ്ഥലങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

