അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വികസിപ്പിക്കാൻ പദ്ധതി
text_fieldsഅൽ മുസ്തഖബൽ സ്ട്രീറ്റിന്റെ വികസന രൂപരേഖ
ദുബൈ: നഗരത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നുപോകുന്ന പ്രധാന ഇടനാഴിയായ അൽ മുസ്തഖബൽ സ്ട്രീറ്റ് വികസിപ്പിക്കുന്നതിന് കരാർ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). സഅബീൽ പാലസ് സ്ട്രീറ്റ് മുതൽ ഫിനാൽഷ്യൽ സെന്റർ സ്ട്രീറ്റ് വരെ നീളുന്ന വികസന പദ്ധതിക്ക് ആകെ ചെലവ് 63 കോടി ദിർഹമാണ്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന ബിസിനസ്, റസിഡൻഷ്യൽ, വിനോദ കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാവുകയും ഗതാഗതക്കുരുക്കിന് വലിയ തോതിൽ ആശ്വാസമാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് പുനർവികസനം ഉൾപ്പെടെ വിശാലമായ അടിസ്ഥാന സൗകര്യ നവീകരണത്തിലൂടെ റോഡിന്റെ ശേഷി 33 ശതമാനം വരെ വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 6600ൽനിന്ന് 8800 വാഹനങ്ങളെ ഉൾക്കൊള്ളാൻ റോഡുകൾക്ക് കഴിയും. അതോടൊപ്പം യാത്ര സമയം 13 മിനിറ്റിൽനിന്ന് ആറു മിനിറ്റായി കുറയുകയും ചെയ്യും. കഴിഞ്ഞ വർഷം അവസാന പാദത്തിൽ പ്രഖ്യാപിച്ച ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസനം ഉൾപ്പെടുന്ന വിശാലമായ വികസന പദ്ധതിയുടെ ഭാഗമാണ് അൽ മുസ്തഖബൽ സ്ട്രീറ്റ് വികസന പദ്ധതിയെന്ന് ആർ.ടി.എ എക്സിക്യുട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
വർഷങ്ങളായി അന്താരാഷ്ട്ര സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും വേദിയാകുന്ന ദുബൈ വേൾഡ് ട്രേഡ് സെന്റർ ഉൾപ്പെടെ വാണിജ്യ, റെസിഡൻഷ്യൽ മേഖലകൾക്ക് പദ്ധതി ഗുണകരമാവും. ജൈറ്റക്സ്, അറേബ്യൻ ട്രാവൽ മാർക്കറ്റ്, അറബ് ഹെൽത്ത്, ഗൾഫുഡ്, ട്രാൻസ്പോർട്ട് എക്സിബിഷൻ പോലുള്ള ലോകോത്തര ഇവന്റുകൾക്ക് വേദിയാകുന്നത് വേൾഡ് ട്രേഡ് സെന്ററാണെന്നും ഇദ്ദേഹം പറഞ്ഞു. കൂടാതെ പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയവയുടെ മുൻനിരയിലുള്ള ഫിനാൻഷ്യൽ ഹബായ ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിനും (ഡി.ഐ.എഫ്.സി) പദ്ധതി സഹായകരമാവും. പദ്ധതി സഅബീൽ, ഡൗൺടൗൺ ദുബൈ, ബിസിനസ് ബേ പോലുള്ള പ്രധാന മേഖലകൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും. താമസക്കാരും സന്ദർശകരുമായി ഏതാണ്ട് അഞ്ച് ലക്ഷം പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
ആകെ 12,00 മീറ്റർ നീളം വരുന്ന മൂന്ന് ടണലുകൾ, 450 മീറ്റർ നീളമുള്ള മേൽപാലം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുക. ദേരയിലേക്ക് നീളുന്ന മൂന്നു ലൈനുള്ള ഇടനാഴിയിലൂടെ മണിക്കൂറിൽ 4,500 വാഹനങ്ങൾക്ക് കടന്നുപോകാനാവും.ദേരയേയും ജബൽ അലിയേയും ബന്ധിപ്പിക്കുന്ന രണ്ടുവരിയുള്ള ടണലിന് മണിക്കൂറിൽ 3000 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയും. ഒറ്റവരിയുള്ള മറ്റൊരു ടണലിന് മണിക്കൂറിൽ 1500 വാഹനങ്ങളെ ഉൾക്കൊള്ളാനാവും.ഇതു കൂടാതെ അൽ മുസ്തഖബൽ സ്ട്രീറ്റിൽ 3.5 കിലോമീറ്റർ നീളത്തിൽ റോഡ് വികസിപ്പിക്കുകയും ചെയ്യും. മൂന്നുവരിയിൽ നിന്ന് നാലുവരിയാക്കിയാണ് വികസിപ്പിക്കുക. പ്രധാന ഇന്റർസെക്ഷനിൽ റാമ്പും പദ്ധതിയിലൂടെ നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

