പിങ്ക് കുതിര കുളമ്പടിക്ക് ഇന്ന് അബൂദബിയില്‍ സമാപനം; പടയോട്ടം തുടരും
text_fieldsഷാര്‍ജ: സ്തനാര്‍ബുദത്തിനെതിരെ മുന്നേറുന്ന പിങ്ക് കാരവന് ചൊവ്വാഴ്ച അബൂദബിയില്‍ സമാപനം. എങ്കിലും കാന്‍സറിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യൻറ്സ് (എഫ്.ഒ.സി.പി) അധ്യക്ഷയും പിങ്ക് കാരവന് ഉന്നത സംഘാടക സമിതി മേധാവിയുമായ റീം ബിന്‍ കറം പറഞ്ഞു. ശൈഖ് സായിദ് ഗ്രാൻറ് മോസ്ക്, സായിദ് യൂണിവേഴ്സിറ്റി, സായിദ് മിലിറ്ററി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് രാവിലെ 10 മുതല്‍ വൈകീട്ട് 6.00 വരെ പരിശോധന നടക്കുക. ഇതില്‍ സായിദ് മിലിറ്ററി ഹോസ്പിറ്റലില്‍ സ്ത്രികള്‍ക്കും പുരുഷന്മാര്ക്കും പരിശോധന ലഭിക്കും. മറ്റിടങ്ങളില്‍ സ്ത്രികള്‍ക്ക് മാത്രമായിരിക്കും പരിശോധന.
എന്നാല്‍ അല്‍ സീഫ് വില്ലേജ് മാളില്‍ വൈകീട്ട് 4.00 മുതല്‍ രാത്രി 10 വരെയുള്ള പരിശോധന സ്ത്രികള്‍ക്കും പുരുഷന്മാര്ക്കും ലഭിക്കും. ഈ മാസം 11 വരെ ഇവിടെ പരിശോധന ഉണ്ടായിരിക്കും. ആറ് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ 4000ത്തോളം പേര്‍ക്കാണ് സൗജന്യ സ്ക്രീനിങ് നടത്തിയത്. തുടര്‍ ചികിത്സയും ഇവര്‍ക്ക് നല്കി വരുന്നു. എട്ട് വര്‍ഷത്തെ കുതിര പടയോട്ടത്തിലൂടെ കാന്‍സറിനെതിരെ ശക്തമായ അവബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാനായി. രോഗം നിര്‍ണയത്തിന് ജനങ്ങള്‍ വളരെ താത്പര്യത്തോടെയാണ് എത്തുന്നത്.
കാന്‍സര്‍ മുളയിലെ നുള്ളി കളഞ്ഞാല്‍ ജീവിതം ഭാസുരമാക്കാമെന്ന ഉത്തമബോധ്യം ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനായത് തന്നെയാണ് പിങ്ക് കാരവെൻറ വിജയമെന്ന് അധികൃതര്‍ ചൂണ്ടി കാട്ടി. കാരവെൻറ കൂടെ സഞ്ചരിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഷാനണ്‍ നൗഡെ തെൻറ അനുഭവ കഥകളും കാരവന് യാത്രയില്‍ പങ്ക് വെച്ചു. തെൻറ രണ്ട് അമ്മായിമാരെയും രക്ഷിതാക്കളെയും സ്തനാര്‍ബുദം പിടികൂടിയിരുന്നുവെങ്കിലും നേരത്തെ കണ്ടെത്തി ചികിത്സിക്കാനായത് മൂലം എല്ലാവരും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായതായി നൗഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
