പിങ്ക് കാരവന് അബൂദബിയിൽ ഉജ്ജ്വല സമാപനം
text_fieldsഅബൂദബി: സ്തനാർബുദത്തിനെതിരായ ബോധവത്കരണവുമായി ശ്വേത വർണമണിഞ്ഞ് അശ്വപ്രയാണം നടത്തിയ പിങ്ക് കാരവന് തലസ്ഥാന നഗരിയിൽ ഉജ്ജ്വല സമാപനം. വെള്ളിയാഴ്ച യാസ് െഎലൻഡിൽനിന്ന് ആരംഭിച്ച് രോഗനിർണയ പരിശോധനയും ബോധവത്കരണവുമായി പല കേന്ദ്രങ്ങൾ താണ്ടിയാണ് കാരവൻ സമാപന വേദിയായ സായിദ് സ്പോർട്സ് സിറ്റിയിലെത്തിയത്.
പത്ത് ദിവസങ്ങൾ കൊണ്ട് ആറ് എമിറേറ്റുകൾ പിന്നിട്ട് അബൂദബിയിലെത്തിയ അശ്വസംഘത്തിന് വൻ വരവേൽപാണ് അബൂദബിയിൽ ലഭിച്ചത്. ജനറൽ വിമൻസ് യൂനിയെൻറ ‘മദർ ഒാഫ് ഗിവിങ്’ സാംസ്കാരികോത്സവത്തിൽ സംഘത്തിന് ഹാർദമായ സ്വീകരണം നൽകി. കോർണിഷിൽ അബൂദബി അശ്വ പൊലീസ് പിങ്ക് കാരവന് അകമ്പടി സേവിച്ചു. അബൂദബി പൊലീസ് ബാൻഡ് ദേശീയ ഗാനത്തിെൻറ ഇൗണം പകർന്ന് പിന്തുണ നൽകി. ഇന്ത്യ, സുഡാൻ, യു.കെ, ദിജിബൂട്ടി, ശ്രീലങ്ക രാജ്യങ്ങളിലെ അംബാസഡർമാരുടെ ഭാര്യമാരും വിവിധ അന്താരാഷ്ട്ര വനിത സംഘടനകളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
കോർണിഷ് റോഡ്, മറീന മാൾ ക്രോസിങ് എന്നിവ പിന്നിട്ട് കാരവൻ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെത്തി. ഇവിടെ മെഡിക്കൽ ക്ലിനിക്കുകൾ സജ്ജീകരിച്ചിരുന്നു. ഗ്രാൻഡ് മോസ്കിൽ പ്രത്യേക സവാരിക്ക് പിങ്ക് കാരവന് സൗകര്യം ലഭിച്ചു. ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽനിന്ന് ഹെൽത്ത് പോയിൻറ് ആശുപത്രി വഴിയാണ് സമാപന വേദിയായ സായിദ് സ്പോർട്സ് സിറ്റിയിലെത്തിയത്.
‘ഏഴ് വർഷങ്ങൾ, ഏഴ് എമിറേറ്റുകൾ’ എന്ന പ്രമേയം മുഴക്കി പത്ത് ദിനങ്ങളിലായി രാജ്യമൊട്ടുക്കും സഞ്ചരിച്ച പിങ്ക് കാരവനിൽ സ്തനാർബുദ നിർണയ പരിശോധന, േരാഗവ്യാപനത്തിനെതിരെയും മുൻകൂട്ടി കണ്ടെത്തേണ്ടതിെൻറ ആവശ്യകത സംബന്ധിച്ചും ബോധവത്കരണം എന്നിവ നടത്തി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ പത്നിയും ഫ്രൻഡ് ഒാഫ് കാൻസർ പേഷ്യൻറ്സ് സ്ഥാപകയും റോയൽ രക്ഷാധികാരിയും വേൾഡ് കാൻസർ ഡിക്ലറേഷൻ ഒാഫ് ദയൂനിയൻ ഫോർ ഇൻറർനാഷനൽ കാൻസർ കൺട്രോൾ രാജ്യാന്തര അംബാസഡറുമായ ജവഹർ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പിങ്ക് കാരവൻ നടക്കുന്നത്.