നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി; സ്വാഗതംചെയ്ത് വ്യവസായികള്‍
text_fieldsദുബൈ: കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് പരമാവധി ആത്മവിശ്വാസം പകരാനാണ് വ്യാഴാഴ്ച ദുബൈയില്‍ സ്മാര്‍ട്ട്സിറ്റി ഒരുക്കിയ പ്രഥമ ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത്. 35 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ കേരളത്തിന്‍െറ സര്‍വതല സ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഏതെങ്കിലും ഒരു പ്രത്യേക മേഖലയുടെ പുരോഗതിയല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയിലധിഷ്ഠിതമായ സമഗ്ര വികസനമാണത്.
കേരളത്തിലേക്ക് ചെറുതും വലുതുമായ ഏതു സംരംഭം തുടങ്ങാനും നിക്ഷേപകരെ ക്ഷണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍െറ പ്രസംഗം. അതിനുള്ള തടസ്സങ്ങള്‍ പരമാവധി മാറ്റും. എന്തു പ്രശ്നമുണ്ടെങ്കിലും തന്‍െറ ഓഫിസില്‍ ബന്ധപ്പെടാം. വേണമെങ്കില്‍ നേരില്‍ കാണാം.
നിക്ഷേപകര്‍ക്കുണ്ടായ മുന്‍ ദുരനുഭവങ്ങള്‍ മറക്കുന്നില്ളെന്നും അത് ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമമെന്നും പിണറായി പറഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ബിസിനസ് സമൂഹം കരഘോഷം മുഴക്കി.
അടിസ്ഥാന സൗകര്യ വികസനം ഇനിയും വലിയ തോതില്‍ നടക്കണം. അതിന് കൂടുതല്‍ നിക്ഷേപം വരേണ്ടതുണ്ട്. അതുകൊണ്ടാണ് നിക്ഷേപത്തിന് സര്‍ക്കാര്‍തന്നെ സുരക്ഷ ഉറപ്പുനല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ രാജ്യത്തിന്‍െറയും വികസന ചരിത്രം പരിശോധിച്ചാല്‍ അതില്‍ പ്രവാസികളുടെ പങ്ക് വലുതാണെന്ന് മനസ്സിലാകും. ചൈന ഉദാഹരണം.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം കേരള വികസനം സംബന്ധിച്ച കാഴ്ചപ്പാടുകളും ചോദ്യങ്ങളും ഉന്നയിക്കാന്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന പ്രതികരണമാണ് എല്ലാവരും പങ്കുവെച്ചത്. വികസനത്തിനുവേണ്ടി സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആശങ്കയും പ്രയാസവുമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് സര്‍ക്കാര്‍ മനസ്സിലാക്കുന്നു. പക്ഷേ, നാടിന്‍െറ വികസനവും പ്രധാനമാണ്.
നല്ല പുനരധിവാസ പാക്കേജ് നല്‍കി അവരുടെ ആശങ്കയില്ലാതാക്കുകയാണ് ഇവിടെ സര്‍ക്കാറിന് ചെയ്യാന്‍ സാധിക്കുക. അതിനാണ് ശ്രമിക്കുന്നത്. ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന് നടപടി തുടങ്ങിക്കഴിഞ്ഞു. ചില മേഖലകളില്‍ പണിയും തുടങ്ങി. പ്രകൃതിവാതക പൈപ്ലൈന്‍ സ്ഥാപിക്കുന്നതിലും പുരോഗതിയുണ്ടായിട്ടുണ്ട്. എതിര്‍പ്പുണ്ടെങ്കിലും നാടിന്‍െറ വികസനത്തിന് ഇത് വൈകിക്കാനാവില്ളെന്ന ബോധ്യം വളര്‍ന്നിട്ടുണ്ട്. ഇത് എല്‍.എന്‍.ജി ടെര്‍മിനല്‍ പെട്ടെന്ന് യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കും.
സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് ഇടതുപക്ഷം നയപരമായി എതിരാണെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. ബാര്‍ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ തീവണ്ടിപാത സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.
പദ്ധതി ഉപേക്ഷിച്ചെന്ന് അതിനര്‍ഥമില്ളെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളത്തിന്‍െറ വളര്‍ച്ചക്ക് വേഗംകൂട്ടുമെന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി പറഞ്ഞു. കേരളത്തില്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ തയാറാണ്. അതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പുകള്‍ അത്തരത്തിലുള്ളതാണെന്ന് യൂസുഫലി പറഞ്ഞു.
സാധാരണക്കാരായ പ്രവാസികള്‍ക്ക് വളരെ ആത്മവിശ്വാസം പകരുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് ഡി.എം ഹെല്‍ത്ത്കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
