പറന്നുതുടങ്ങി, പൈലറ്റില്ലാ എയര്‍ ടാക്സി
text_fieldsപരീക്ഷണ പറക്കൽ നടത്തുന്ന പൈലറ്റില്ലാ എയര്‍ ടാക്സി
അബൂദബി: പൈലറ്റില്ലാ എയര്‍ ടാക്സികള്‍ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പരീക്ഷണ പറക്കലിന് അബൂദബിയില്‍ തുടക്കമായി. അതിനൂതന വ്യോമഗതാഗത സംവിധാനം നടപ്പാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് പൈലറ്റില്ലാ എയര്‍ ടാക്സികളുടെ പരീക്ഷണ പറക്കലെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. സ്മാര്‍ട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസും അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും ചൈനീസ് ഡ്രോണ്‍ നിര്‍മാതാക്കളായ ഇഹാങ്ങും ഫിന്‍ടെക് ഗ്രൂപ്പായ മള്‍ട്ടി ലെവല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് എയർ ടാക്സികളുടെ പരീക്ഷണ പറക്കല്‍ നടത്തിയത്.
അബൂദബിയിലെ ചൂട് അടക്കമുള്ള വിവിധ സാഹചര്യങ്ങള്‍ എയര്‍ ടാക്സികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വിലയിരുത്തുകയായിരുന്നു പരീക്ഷണ പറക്കലിന്റെ ഉദ്ദേശ്യമെന്ന് അധികൃതര്‍ അറിയിച്ചു. ഭാവി ഗതാഗത സാങ്കേതിക വിദ്യയുടെ ആഗോള ഹബ്ബായി അബൂദബിയെയും യു.എ.ഇയെയും മാറ്റുന്നതിന് ഈ സഹകരണം പ്രാധാന്യമുള്ളതാണെന്നും അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസ് ഡയറക്ടര്‍ ജനറല്‍ ബദര്‍ അല്‍ ഉലാമ പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ പൈലറ്റില്ലാ എയര്‍ ടാക്സികള്‍ അബൂദബിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് യു.എസ് എയര്‍ ടാക്സി കമ്പനിയായ ആര്‍ചര്‍ ഏവിയേഷന്‍ മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് ഹെലിപോര്‍ട്ട് രൂപരേഖക്ക് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) നേരത്തെ അംഗീകാരം നല്കിരുന്നു. സായിദ് പോര്‍ട്ടിലെ അബൂദബി ക്രൂയിസ് ടെര്‍മിനലില്‍ ആണ് ഹൈബ്രിഡ് ഹെലിപോര്‍ട്ട്.
പരമ്പരാഗത ഹെലികോപ്ടറുകളെയും ഇലക്ട്രിക് വെര്‍ട്ടിക്കില്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വിമാനങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഹൈബ്രിഡ് ഹെലിപോര്‍ട്ട്. എ.ഡി പോര്‍ട്സ് ഗ്രൂപ്പ്, ഫാല്‍കണ്‍ ഏവിയേഷന്‍ സര്‍വീസസ്, ആര്‍ചര്‍ ഏവിയേഷന്‍ എന്നിവയുടെ സംയുക്ത നിര്‍മാണമാണ് ഹൈബ്രിഡ് ഹെലിപോര്‍ട്ട്. പ്രതിവര്‍ഷം 6.5ലക്ഷത്തിലേറെ സന്ദര്‍ശകരെ സ്വീകരിക്കുന്ന സുപ്രധാന കപ്പല്‍യാത്രാ കേന്ദ്രമായതിനാലാണ് സായിദ് പോര്‍ട്ടിനെ ഹൈബ്രിഡ് ഹെലിപോര്‍ട്ട് നിര്‍മിക്കാന്‍ തിരഞ്ഞെടുത്തത്.
മേഖലയിലെ ആദ്യ മിഡ്നൈറ്റ് പറക്കും ടാക്സി അബൂദബിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് യു.എസ് ആസ്ഥാനമായ ആര്‍ചര്‍ ഏവിയേഷന്‍ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. ആര്‍ചര്‍ ഏവിയേഷന്‍ അബൂദബിയില്‍ എയര്‍ ടാക്സികള്‍ നിര്‍മിക്കുന്നതിനും ആസ്ഥാനമന്ദിരം സ്ഥാപിക്കാനും കഴിഞ്ഞവര്‍ഷം ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം ലഭിച്ചിരുന്നു.
2025ല്‍ യു.എ.ഇയില്‍ വാണിജ്യതലത്തില്‍ എയര്‍ടാക്സികള്‍ ആരംഭിക്കുന്നതിനായി സുപ്രധാനകേന്ദ്രങ്ങളില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യമായിരുന്നു കമ്പനി നിക്ഷേപം സ്വീകരിച്ചതിനു പിന്നില്‍. രാജ്യത്തെ ഊബര്‍, കരീം പ്രീമിയം ടാക്സി സേവനങ്ങള്‍ക്കു സമാനമായിരിക്കും എയര്‍ ടാക്സികളുടെ നിരക്കും. വെര്‍ട്ടിപോര്‍ട്ട് നിര്‍മാണം, എയര്‍ ടാക്സി ഓപറേഷന് സാധ്യമാക്കല്‍, അബൂദബിയില്‍ തന്നെ മിഡ്നൈറ്റ് വിമാനങ്ങള്‍ നിര്‍മിക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ് അബൂദബി നിക്ഷേപ ഓഫിസുമായി ആര്‍ചര്‍ സഹകരിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

