ചരിത്രം ചുമര്‍ ചിത്രങ്ങളിലാക്കി അജ്മാൻ
text_fieldsഅജ്മാന്‍: അജ്മാെൻറ പുരാതന ചരിത്രം വിളിച്ചോതുന്ന ചുമര്‍ ചിത്രങ്ങള്‍ തീർത്ത് തെരുവോരങ്ങള്‍. അജ്മാനിലെ പ്രധാന പ്രദേശങ്ങളിലാണ് മനോഹരമായ ചിത്രങ്ങളാല്‍ കെട്ടിട ചുമരുകള്‍ അലങ്കരിക്കുന്നത്. ഏഴ് അന്തർദേശീയ, പ്രാദേശിക കലാകാരന്മാർ ഈ പദ്ധതിക്ക് പിന്നിലുണ്ട്. അജ്മാനിലെ അൽ നഖീൽ പ്രദേശത്ത് ഒരു കെട്ടിടത്തിെൻറ മുൻവശത്ത് ത്രിമാന ചിത്രമാണ് ആദ്യമായി പൂർത്തിയാക്കിയത്. ഇംഗ്ലീഷില്‍ അജ്മാന്‍ എന്ന് എഴുതിയ ഈ ചിത്രം യു.എ.ഇയില്‍ തന്നെ ഏറ്റവും വലിയ ചുമര്‍ചിത്രമാണ്. ഫ്രഞ്ചു കലാകാരൻ ഷുക്ക് അസാധാരണമായ ഈ കലാരൂപം ആകർഷകങ്ങളായ നിറങ്ങളോടും രൂപത്തോടും കൂടി ചുരുങ്ങിയ സമയത്തിനുള്ളിലാണ് പൂര്‍ത്തീകരിച്ചത്.
എമിറേറ്റിലെ ജീവിത നിലവാരങ്ങളും ഗുണനിലവാരവും ശക്തിപ്പെടുത്തുന്നതിന് അജ്മാൻ പൾസ് പദ്ധതിയുടെ ഭാഗമാണ് ഇത് നടപ്പിലാക്കുന്നതെന്ന് അജ്മാന്‍ നഗരസഭ അടിസ്ഥാന വികസന മേഖല സി.ഇ.ഒ യും ചുവർ ചിത്രങ്ങളുടെ പ്രോജക്ട് ടീം മേധാവിവിയുമായ ഡോ. മുഹമ്മദ് അഹമ്മദ് ബിൻ ഒമൈര്‍ അൽ മുഹൈറി വ്യക്തമാക്കി. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഏറെ നേട്ടം കൈവരിച്ചതും അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അൽ നുഐമിക്ക് ഏറെ പ്രിയപ്പെട്ടതുമായ സ്കീപ്പ് എന്ന കുതിരയുടെ ചുമര്‍ചിത്രം തീര്‍ത്തത് റാമി എല്സഘാവി എന്ന കലാകാരനാണ്.
1998 ലെ പ്രഥമ ദേശീയ പരിസ്ഥിതി ദിനത്തില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് നടത്തിയ പ്രശസ്തമായ ഉദ്ധരണി ചുമർ ചിത്രമാക്കിയത് ചിത്രകാരന്‍ എല്‍ സീദ് ആണ്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ പ്രശസ്തമായ 'പോസിറ്റീവ് എനർജി' എന്ന കവിതയിലെ വരികളാണ് ദിയ അല്ലം എന്ന ചിത്രകാരന്‍ ഒരുക്കിയത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാക്കി പെയിന്റിംഗുകൾ പൂർത്തിയാക്കാനാണ് ആർട്ടിസ്റ്റുകൾ ശ്രമിക്കുന്നതെന്നും ഡോ. മുഹമ്മദ് അഹമ്മദ് ബിൻ ഒമൈര്‍ അൽ മുഹൈറി കൂട്ടിച്ചേർത്തു.
യു.എ.ഇയിലെ പരമ്പരാഗത കളികളെ ഇതിവൃത്തമാക്കി ഫാത്തിമ അൽ അലിയും, പ്രാദേശിക സ്വത്വം വ്യക്തമാക്കി മാജിദ് അഹമദ് അജ്മാനിലെ ശൈഖ് ഹുമൈദ് പാലത്തിലെ സ്തംഭങ്ങളിലും ജൂലിയ എന്ന ചിത്രകാരി തനതായ ശൈലിയിലും ഈ മാസം അവസാനത്തോട് കൂടി പദ്ധതി പൂര്‍ത്തീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
