സ്കൂൾ പാഠ്യപദ്ധതിയിൽ കായിക വിദ്യാഭ്യാസം നിർബന്ധം
text_fieldsഅബൂദബി: അബൂദബി ഡിപ്പാർട്മെന്റ് ഓഫ് എജുക്കേഷൻ ആൻഡ് നോളജി (അഡെക്)ന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്കൂളുകളും പാഠ്യപദ്ധതിയിൽ കായിക വിദ്യാഭ്യാസം നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് നിർദേശം. യോഗ്യരായ അധ്യാപകരുടെ ശിക്ഷണത്തിന് കീഴിൽ എല്ലാ വിദ്യാർഥികളും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
വ്യക്തിപരമായ അസൗകര്യങ്ങളോ സാമൂഹികമായ മാനദണ്ഡങ്ങളോ മൂലം വിദ്യാർഥിക്ക് ഏതെങ്കിലും ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെങ്കിൽ ബദൽ കായിക പ്രവർത്തനങ്ങളോ താമസ സൗകര്യങ്ങളോ അനുവദിക്കണം. നേരത്തെ സ്കൂളുകളിൽ യോഗ്യരായ കായികാധ്യാപകരെ നിയമിക്കണമെന്നത് നിർബന്ധമായിരുന്നില്ല. ഏതെങ്കിലും ഇൻസ്ട്രക്ടർമാരേയോ കോച്ചിനേയോ ചുമതല ഏൽപിക്കുകയായിരുന്നു പതിവ്. കൂടാതെ കൃത്യമായ കായിക പാഠ്യപദ്ധതിയും സ്കൂളുകളിൽ ഉണ്ടായിരുന്നില്ലെന്ന് അഡെകിലെ എജുക്കേഷൻ പോളിസി ഓഫിസ് ഡയറക്ടർ സിൽവി പറഞ്ഞു. ഈ രീതിക്ക് മാറ്റം വരുത്തുകയാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ അഡെക് അവതരിപ്പിച്ച വിദ്യാഭ്യാസ നയങ്ങളിൽ ഒന്നാണ് കായിക പഠനം. ഇതു പ്രകാരം സ്കൂളുകളിൽ പ്രതിദിനം 30 മിനിറ്റ് നേരമെങ്കിലും വിദ്യാർഥികൾ കായിക പ്രവർത്തനങ്ങളിൽ മുഴുകുന്നുവെന്ന് ഉറപ്പാക്കും. കൂടാതെ മാതാപിതാക്കളുടെ കത്ത് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ഫിസിക്കൽ എജുക്കേഷൻ ക്ലാസുകൾ ഒഴിവാക്കാൻ അനുവദിച്ചിരുന്ന സമ്പ്രദായങ്ങളും ഇതോടെ ഇല്ലാതാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി നിശ്ചയദാർഢ്യ വിഭാഗത്തിലുള്ള വിദ്യാർഥികളുടെ പ്രവേശനം സ്കൂളുകൾക്ക് നിരസിക്കാനാവില്ലെന്നും പുതിയ വിദ്യാഭ്യാസ നയത്തിലൂടെ അഡെക് വ്യക്തമാക്കിയിട്ടുണ്ട്.
എന്തുകൊണ്ട് ഇത്തരം കുട്ടികളെ പിന്തുണക്കാനാവുന്നില്ലെന്നതിനുള്ള കൃത്യമായ തെളിവുകൾ സ്കൂളുകൾ ഹാജരാക്കണം. ശേഷം സ്കൂളുകളുടെ തീരുമാനം ശരിവെക്കണോ വേണ്ടയോ എന്നത് അഡെക് തീരുമാനിക്കും. എല്ലാ വിഭാഗം കുട്ടികളെയും ഉൾക്കൊള്ളാനുള്ള നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം.
അടുത്ത വർഷം സെപ്റ്റംബർ മുതലാണ് പുതിയ വിദ്യാഭ്യാസ നയങ്ങൾ സ്കൂളുകൾക്ക് നിർബന്ധമാക്കുക. ശേഷം വീഴ്ചവരുത്തുന്നവർക്ക് പിഴ ഈടാക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

