നടപടികൾ വേഗത്തിലാക്കാൻ മരുന്നുകമ്പനികളുടെ ‘ഗോൾഡൻ ലിസ്റ്റ്’
text_fieldsഅബൂദബി: മരുന്ന് സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ചരക്കുനീക്കം വേഗത്തിലാക്കുന്നതിന്റെയും ഭാഗമായി അബൂദബി കസ്റ്റംസും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റും മരുന്നുകമ്പനികളുടെ ‘ഗോൾഡൻ ലിസ്റ്റ്’ പുറത്തിറക്കി. ആദ്യഘട്ടത്തില്‍ 31 മരുന്നുകമ്പനികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനികള്‍ക്ക് കസ്റ്റംസ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചുനല്കുമെന്നും ഇതിലൂടെ ഈ കമ്പനികള്‍ മുഖേനയുടെ ചരക്കുനീക്കം എമിറേറ്റ്സിലെ അതിര്‍ത്തി തുറമുഖങ്ങളില്‍ സുഗമമായി നടക്കുമെന്നും അബൂദബി കസ്റ്റംസ് അറിയിച്ചു.
പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ ചരക്കുകള്‍ അതിവേഗം കസ്റ്റംസ് നടപടികള്‍ക്കു വിധേയമാക്കി വിട്ടുനല്‍കുകയാണ് ചെയ്യുക. യു.എ.ഇക്ക് ആവശ്യമായ മൊത്തം മരുന്ന് ഉൽപാദനത്തിന്റെ 27 ശതമാനവും അബൂദബിയിലാണ് നടക്കുന്നത്. ഇതിനാല്‍ തന്നെ യു.എ.ഇയുടെ മരുന്ന് വിതരണ ശൃംഖലയില്‍ അബൂദബിക്ക് പ്രധാന പങ്കുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളുമായുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യമാണ് ‘ഗോൾഡൻ ലിസ്റ്റ്’ പ്രതിഫലിപ്പിക്കുന്നതെന്ന് അബൂദബി കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ലാഹജ് അല്‍ മന്‍സൂരി പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്താതെ വിശ്വസനീയ കമ്പനികള്‍ക്ക് കസ്റ്റംസ് എളുപ്പമാക്കി നല്‍കാനും ഇതിലൂടെ സാധിക്കുമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടര്‍ ജനറല്‍ ഫാത്തിമ അല്‍ കഅബി ചൂണ്ടിക്കാട്ടി. പട്ടികയില്‍ ഇടംപിടിക്കുന്നതിന് കമ്പനികള്‍ ഒട്ടേറെ കസ്റ്റംസ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇവ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ക്കു ബോധ്യപ്പെട്ടാല്‍ മാത്രമേ കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് സുവര്‍ണ പട്ടികയില്‍ ഇടംപിടിക്കാനാവൂ. സമുദ്ര കസ്റ്റംസ് കേന്ദ്രങ്ങളിൽ പരിശോധനക്കായി ആധുനിക ഉപകരണങ്ങൾ മുമ്പ് സ്ഥാപിച്ചിരുന്നു. കണ്ടെയ്നറുകളും ട്രക്കുകളും സ്കാൻ ചെയ്യുന്നതിന് ഖലീഫ തുറമുഖത്ത് രണ്ട് ഉപകരണങ്ങളും കണ്ടെയ്നർ സ്കാനിങ്ങിന് സായിദ് തുറമുഖത്ത് ഒരു ഉപകരണവുമാണ് സ്ഥാപിച്ചത്. മണിക്കൂറിൽ 120 ട്രക്കുകൾ സ്കാൻ ചെയ്യാനുള്ള ശേഷി ഓരോ ഉപകരണത്തിനുമുണ്ട്.
തുടർച്ചയായുള്ള നിരീക്ഷണത്തിനായി എല്ലാ ഉപകരണങ്ങളും കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആഗോള നിലവാരത്തിനനുസൃതമായ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് ഈ അഞ്ച് നവീന സ്കാനറുകളും. അതോടൊപ്പം നിർമിത ബുദ്ധിയിലധിഷ്ഠിതമാണ് സ്കാനറുകൾ. അബൂദബിയിലെ അതിർത്തി തുറമുഖങ്ങളിലെ കസ്റ്റംസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ കൂടി ഭാഗമായാണ് അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

