നാല് ദിർഹം കടന്ന് പെട്രോൾ വില
text_fieldsദുബൈ: യു.എ.ഇയിൽ ഈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. യു.എ.ഇയുടെ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില നാല് ദിർഹം കടന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ ലിറ്ററിന് 49 ഫിൽസ് വരെ വർധിച്ചു. ഇതോടെ, ചൊവ്വാഴ്ച രാത്രി പമ്പുകളിൽ വൻ തിരക്കനുഭവപ്പെട്ടു.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.15 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം ഇത് 3.66 ദിർഹമായിരുന്നു. 49 ഫിൽസാണ് കൂടിയത്. സ്പെഷൽ പെട്രോൾ നിരക്ക് 3.55ൽ നിന്ന് 4.03 ദിർഹമായി ഉയർന്നു. ഇ 91 പെട്രോളിന് 3.96 ദിർഹമാണ് നിരക്ക്. കഴിഞ്ഞമാസം 3.48 ദിർഹമായിരുന്നു. 48 ഫിൽസിന്‍റെ വർധന. അതേസമയം, ഡീസലിന് ആറ് ഫിൽസാണ് വർധിച്ചത്.
4.08 ദിർഹമിൽ നിന്ന് 4.14 ദിർഹമായാണ് ഡീസൽ വില വർധിച്ചത്. മൂന്ന് മാസത്തിനിടെ യു.എ.ഇയിലെ ഇന്ധനവില ഇരട്ടിയായി വർധിച്ചു.
കഴിഞ്ഞമാസം നേരിയ കുറവുണ്ടായെങ്കിലും ഈ മാസം ഗണ്യമായ വർധനയാണ് ഉണ്ടായത്. യുക്രെയ്ൻ-റഷ്യ യുദ്ധം തുടങ്ങിയതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നത്.

