പീറ്റർ ഹെല്യറിന് വിട; അബൂദബിയിൽ സംസ്കരിച്ചു
text_fieldsഅബൂദബി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഇമാറാത്തി ചരിത്രകാരനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പീറ്റർ ഹെല്യറിന്റെ മൃതദേഹം അബൂദബിയിൽ സംസ്കരിച്ചു. ബനിയാസ് ഖബർസ്ഥാനിൽ ഇസ്ലാമിക ആചാരപ്രകാരം നടന്ന സംസ്കാരച്ചടങ്ങിൽ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. ബ്രിട്ടനിൽനിന്ന് 1975ൽ യു.എ.ഇയിലെത്തിയ ഇദ്ദേഹം രാജ്യത്തെ മാധ്യമ, സാംസ്കാരിക സംവിധാനങ്ങളുടെ വികാസത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനെ കുറിച്ച് ഡോക്യുമെന്ററി ചെയ്യാനാണ് പീറ്റർ ഹെല്യർ യു.എ.ഇയിൽ എത്തുന്നത്. പിന്നീട് രാജ്യത്ത് തുടരാൻ തീരുമാനിക്കുകയും സർക്കാർ കമ്യൂണിക്കേഷൻ വിഭാഗത്തിൽ വിവിധ ചുമതലകൾ വഹിക്കുകയുമായിരുന്നു. യു.എ.ഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു. വാർത്ത ഏജൻസിയായ ‘വാം’ ഇംഗ്ലീഷ് വിഭാഗം സ്ഥാപകനായിരുന്നു.
2010ലാണ് യു.എ.ഇ പൗരത്വം നേടിയത്. ഹെല്യറിന്റെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അടക്കം പ്രമുഖർ കഴിഞ്ഞ ദിവസം അനുശോചനം രേഖപ്പെടുത്തിയിരുന്നു. സമർപ്പണ മനോഭാവത്തോടെ യു.എ.ഇയെ സേവിച്ച വ്യക്തിത്വമായിരുന്നു പീറ്റർ ഹെല്യറെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു. യു.എ.ഇ സാംസ്കാരിക, യുവജനകാര്യ മന്ത്രി ശൈഖ് സാലിം ബിൻ ഖാലിദ് അൽ ഖാസിമി, ശൈഖ ലുബ്ന അൽ ഖാസിമി, യുവജനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുബാറക് അൽ നഖി തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

