വളർത്തുമൃഗ രജിസ്ട്രേഷൻ: നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ
text_fieldsഅബൂദബി: നായയും പൂച്ചയും അടക്കമുള്ള വളര്‍ത്തുമൃഗങ്ങളുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയപരിധി ഉപയോഗപ്പെടുത്തി പിഴ അടക്കമുള്ള നിയമനടപടികളില്‍ നിന്ന് ഒഴിവാകാന്‍ ഓര്‍മപ്പെടുത്തി അബൂദബി നഗര ഗതാഗത വകുപ്പ്. ‘താം’ പോര്‍ട്ടലിലൂടെയാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്.
ഈ വര്‍ഷം പിഴയൊന്നും ഈടാക്കില്ലെന്നും അതേസമയം അടുത്ത വര്‍ഷം ആദ്യം മുതല്‍ നിര്‍ദേശം നടപ്പാക്കാത്ത വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വകുപ്പിന് കീഴിലെ അനിമല്‍ വെല്‍ഫെയര്‍ സപ്പോര്‍ട്ട് അനലിസ്റ്റ് ഡോ. മറിയം അല്‍ ശംസി അറിയിച്ചു. നിയമത്തിലൂടെ വളര്‍ത്തുമൃഗങ്ങളുടെ ക്ഷേമമാണ് സംരക്ഷിക്കപ്പെടുന്നതെന്ന തിരിച്ചറിവ് ഉടമകള്‍ക്ക് ഉണ്ടാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പൊതുജനത്തിന് ഭീഷണിയാവും വിധം തെരുവുമൃഗങ്ങളുടെ എണ്ണം പെരുകുന്നതിന് തടയിടാനാണ് രജിസ്ട്രേഷന് അബൂദബിയില്‍ നിര്‍ബന്ധമാക്കുന്നത്. പൊതുജനാരോഗ്യവും മൃഗക്ഷേമവും സാമൂഹിക സുരക്ഷയും സംബന്ധിച്ച് വര്‍ധിച്ചുവരുന്ന ആശങ്കകള്‍ അഭിമുഖീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തെരുവുമൃഗങ്ങളുടെ ആധിക്യം രോഗവ്യാപനവും താമസകേന്ദ്രങ്ങളില്‍ മറ്റു പ്രശ്നങ്ങള്‍ക്കും കാരണമാവുന്നുണ്ട്.
വളര്‍ത്തുമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനും അവയുടെ കൃത്യമായ ഡേറ്റാബേസ് തയാറാക്കാനും പുതിയ നിയമത്തിലൂടെ അധികൃതര്‍ക്ക് സാധിക്കും. വെറ്ററിനറി ക്ലിനിക്കുകള്‍ക്കാണ് വളര്‍ത്തുമൃഗ രജിസ്ട്രേഷന് നല്‍കുന്നതിനുള്ള ചുമതല. വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ പരിശോധന, രേഖകള്‍ സൂക്ഷിക്കല്‍, രജിസ്ട്രേഷന് നടപടിക്രമങ്ങളെക്കുറിച്ച് വളര്‍ത്തുമൃഗ ഉടമകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കല് എന്നിവയും വെറ്ററിനറി ക്ലിനിക്കുകളുടെ ചുമതലയാണ്. നിലവില്‍ വളര്‍ത്തുമൃഗങ്ങളുടെ രജിസ്ട്രേഷന് സൗജന്യമായാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

