പ്രാണിശല്യവും ശുചിത്വക്കുറവും; ഭക്ഷണശാല അടച്ചുപൂട്ടി
text_fieldsഅബൂദബി: രൂക്ഷമായ പ്രാണിശല്യത്തിന് പരിഹാരം കാണാതിരുന്നതിനെ തുടര്‍ന്ന് ഭക്ഷണശാല അടച്ചുപൂട്ടി. ഭക്ഷ്യശുചിത്വ നിയമങ്ങള്‍ ലംഘിച്ചതിനാണ് അബൂദബിയിലെ അല്‍ ദഫ്ര മേഖലയില്‍ ബയ്യ അല്‍ സില നഗരത്തിലെ കഫെപെക് റസ്റ്റാറന്റ് ആന്‍ഡ് കഫ്റ്റീരിയ അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) അടച്ചുപൂട്ടിയത്. വൃത്തികെട്ട ഡൈനിങ്, ശുചിത്വമില്ലാത്ത അടുക്കള ഭാഗങ്ങള്‍, പ്രാണികള്‍ എന്നിവയാണ് അധികൃതര്‍ കണ്ടെത്തിയത്.
ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ആവശ്യകതകളും സംബന്ധിച്ച ആവര്‍ത്തിച്ചുള്ള ലംഘനങ്ങളാണ് അടച്ചുപൂട്ടാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഭക്ഷണം തയാറാക്കുമ്പോള്‍ ശുചിത്വം പാലിക്കാതിരിക്കുന്നത്, മോശം ഭക്ഷണ സംഭരണം, പ്രാണികളുടെ സാന്നിധ്യം, പൊതുവെ വൃത്തിയുടെ അഭാവം എന്നിവയാണ് അധികൃതരുടെ നടപടിക്കു കാരണമായത്.
റസ്റ്റാറന്റില്‍ അധികൃതര്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതുവരെ അടച്ചിടല്‍ തുടരുമെന്ന് വകുപ്പ് വ്യക്തമാക്കി. അബൂദബി എമിറേറ്റിലെ ഹോട്ടലുകളില്‍ ശുചിത്വം, ഭക്ഷണം തയാറാക്കുന്നതില്‍ മായം ചേര്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ഉറപ്പുവരുത്തുന്നുണ്ട്. ഉപയോക്താക്കളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് എമിറേറ്റിലെ റസ്റ്റാറന്റുകള്‍ സന്ദര്‍ശിച്ച് ഗുണമേന്മ ഉറപ്പുവരുത്തുന്ന പ്രക്രിയ തുടരുകയാണ്. റസ്റ്റാറന്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പരാതികള്‍ 800555 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

